കൊച്ചി: ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യനില മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടെന്ന് മന്ത്രി പി.രാജീവ്. നിലവില്‍ സിടി സ്‌കാനിംഗ് നടക്കുയാണ്. ഇതിന് ശേഷം ചികിത്സാരീതി മാറ്റണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
ഉമാ തോമസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം നിരീക്ഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരുക്ക് പറ്റിയിട്ടുണ്ട്. തലയുടെ പരുക്ക് ഗുരുതരമാണെങ്കില്‍കൂടിയും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനില്‍ അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകള്‍ക്ക് തുന്നലുകളുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ എംഎല്‍എ തീവ്ര പരിചരണവിഭാഗത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഉമ തോമസ് തുടരുന്നത്. റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. നിലവില്‍ ഉമ തോമസ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയില്ല എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലല്ലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തും. വീഴ്ച ഉണ്ടാതായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.