Newsskerala

കലൂര്‍ സ്‌റ്റേഡിയം ഗ്യാലറിയില്‍ നിന്ന് വീണു, എം.എല്‍.എ ഉമാ തോമസിന്റെ പരിക്ക് അതീവ ഗുരുതരം

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗാലറിയില്‍ നിന്ന് താഴേയ്ക്കു വീണ എം.എല്‍.എ ഉമാ തോമസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരിക്ഷണത്തിലാണവര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതി നിരീക്ഷിക്കുന്നു.

കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 15 അടി ഉയരത്തില്‍ നിന്ന് തലയിടിച്ച് വീഴുകയായിരുന്നു. ശ്വാസകോശത്തിനും, തലച്ചോറിനും, നട്ടെല്ലിനും പരിക്കുണ്ട്. ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്നാണ്  ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ രക്തം വാര്‍ന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എംഎല്‍എയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. സിടി സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിവരികയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ.  മന്ത്രി സജി ചെറിയാനും ഹൈബി ഈഡന്‍ എം.പിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എം.എല്‍.എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *