ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ അറിയിച്ചു. മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജെ.പി.നദ്ദയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ആശമാരുടെ പൊതുവിഷയങ്ങള്‍ ഉള്‍പ്പടെ കേരളം മുന്നോട്ടുവച്ച പ്രശ്നങ്ങളെല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അവതരിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പെടെ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ പ്രശ്‌നം, 2023-24ലെ ഫണ്ട് കുടിശിക ലഭ്യമാക്കല്‍, കാസര്‍ഗോഡും വയനാട്ടിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓണ്‍ലൈന്‍ ഡ്രഗ്‌സ് വില്‍പന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്.
മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ട്. എയിംസിന്റെ കാര്യവും ചര്‍ച്ചയായി. അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രിയും സ്വീകരിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.