തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സമീപകാലത്തിറങ്ങിയ സിനിമകള്‍ അഫാനെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍. ആദ്യഘട്ടത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന ഇയാള്‍ പിന്നീട് അതുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടുപേരാണ് ജീവിച്ചിരിക്കുന്നത്. പ്രതി അഫാനും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള മാതാവ് ഷെമിയുമാണവര്‍. രണ്ടുപേരുടേയും മൊഴി രേഖപ്പെടുത്തുക എന്നതാണ് പോലീസിനുമുമ്പിലുള്ള നിര്‍ണായകമായ കാര്യം.
പ്രതിക്ക് നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെങ്കിലും കഴിച്ചത് എലിവിഷമായതിനാല്‍ അത് ആരോഗ്യത്തെ പിന്നീട് ബാധിക്കാനുള്ള സാധ്യതയുണ്ട്. വിഷം കഴിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി രണ്ടുതവണ പരിശോധന നടത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയില്‍ നേരിയ തോതില്‍ വിഷാംശം കണ്ടെത്തി. രാസലഹരി ഉപയോഗിച്ചോയെന്നു സ്ഥിരീകരിക്കുന്നതിനായി തലമുടിയും കൈയിലെ രോമവും രക്തവും മൂത്രവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പോലീസ് അഫാന്റെ ആദ്യഘട്ടമൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഒരിക്കല്‍ പറഞ്ഞതല്ല പിന്നീടിയാള്‍ പറയുന്നത്. പ്രതിയുടെ മാതാവില്‍നിന്ന് പോലീസ് പ്രാഥമികമൊഴി രേഖപ്പെടുത്തിയിരുന്നു. സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലാണ് ഇവരെങ്കിലും വിശദമായി സംസാരിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുണ്ടിന്റെ അനക്കവും മറ്റും നോക്കിയാണ് അവര്‍ പറയുന്നത് എന്താണെന്ന് മനസിലാക്കുന്നത്.
അര്‍ബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നുവെന്നും എന്നാല്‍, ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നുവെന്നും അഫാന്‍ കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയശേഷം എടുത്ത മാല ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചപ്പോള്‍ ലഭിച്ച തുകയില്‍ 40,000 രൂപ കടംവീട്ടാനുപയോഗിച്ചു. നേരത്തേ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും പോലീസിന് അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്.