തൃശൂർ: കേന്ദ്ര ഗവൺമെൻറിന്‍റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് തൃശ്ശൂർ ജില്ലയില്‍ ചൊവ്വാഴ്ച തുടക്കമാകും. ചേലക്കര പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന യാത്ര ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ പത്മജ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊണ്ടഴി പഞ്ചായത്തിലെ പാറമേപ്പടി ഗ്രാമീണ വായനശാലയിലും യാത്ര എത്തിച്ചേരും. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ലീഡ് ബാങ്കിൻൻ്റെ ആഭിമുഖ്യത്തിൽ ജനസുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുക്കും.
ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം , വിവിധ ഗവൺമെന്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. 2024 ജനുവരി 26 വരെ ജില്ലയിലെ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കല്പ യാത്ര നടക്കും. രാജ്യത്തൊട്ടാകെ നടക്കുന്ന യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 15ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അട്ടപ്പാടിയില്‍ നിര്‍വ്വഹിച്ചിരുന്നു.