തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യ സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. ആന മുളങ്കാടിലേക്കും പുഴയിലേക്കും പോകാതിരിക്കാന്‍ വാഹനങ്ങള്‍ കൊണ്ട് വലയം തീര്‍ത്ത ശേഷമാണ് റബര്‍ തോട്ടത്തില്‍ വച്ച് മയക്കുവെടിവച്ചത്. മസ്തകത്തിലെ പരിക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വനപാലകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല
നിലവില്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് ആന. ക്ഷേത്രത്തിന്റെ സമീപത്തേക്ക് നീങ്ങിയ ആനയുടെ പിന്നാലെ ദൗത്യസംഘവുമുണ്ട്. അര മണിക്കൂറിനുള്ളില്‍ ആന മയങ്ങി തുടങ്ങും. പൂര്‍ണ മയക്കത്തിലായ ശേഷമാകും ആനയെ വിശദമായി പരിശോധിച്ച് ചികിത്സ നല്‍ക്കുക. ആനയോടൊപ്പമുണ്ടായിരുന്ന ഒരു മോഴയാനയും രണ്ട് കൊമ്പനാനകളും മുളങ്കാടിന് സമീപം എത്തിയിട്ടുണ്ട്.
വാഴച്ചാല്‍ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന് കാരണം. മുറിവുണങ്ങാന്‍ സമയമെടുക്കും. സാധാരണ രീതിയില്‍ തന്നെ തീറ്റയും വെള്ളവുമെടുക്കുന്നുണ്ട്. മുറിവില്‍ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിലേക്ക് ഇടുന്നുണ്ടെന്നും വനപാലകര്‍ അറിയിച്ചു