തൃശൂര്‍: മൂന്നുപീടികയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോഴും ഉസൈബക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെയാണ് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ ഉസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മരണകാരണമായത് മയോണൈസെന്നാണ് പ്രാഥമിക നിഗമനം. ഇതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നൂറിലേറെ പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ, സ്ത്രീ മരിച്ചു
