Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാര്‍ ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്;  നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍

തിരുവനന്തപുരം നഗരത്തില്‍ നടന്‍ മണിയന്‍പിള്ള  സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ  രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. മണിയന്‍ പിള്ള രാജുവാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. 

ക്ലബില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ‘കെഎല്‍ 01 സിജെ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയതായി പരാതിയുണ്ട്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുക്കുകയും നടന്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസ് മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് രാജു സ്റ്റേഷനില്‍ ഹാജരായത്. 

അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ഏറ്റവും പുതിയ വിവരം. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്, സൂരജിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും മറ്റൊരാള്‍ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തിന് ശേഷം പോലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.

ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജുവിനെ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. അപകടം നടന്ന് 12 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാല്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത് 

‘അപകടത്തെ തുടര്‍ന്ന് ഞാന്‍ പരിഭ്രാന്തനായി വീട്ടിലേക്ക് മടങ്ങി. ഞാന്‍ ഒരു കാന്‍സര്‍ രോഗബാധിതനാണ്, നിലവില്‍ ചിക്കുന്‍ഗുനിയ ബാധിച്ചിരിക്കുന്നു.’ എന്ന് രാജു മാധ്യമങ്ങളോട്് പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ സഹായിക്കാന്‍ ആളുകളെ അറിയിച്ചതായും നടന്‍ അവകാശപ്പെട്ടു. ‘ആ സമയത്ത് എനിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭാര്യയും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. എന്നിരുന്നാലും, പരിക്കേറ്റവരെ സഹായിക്കാന്‍ ഞാന്‍ മറ്റുള്ളവരെ അറിയിച്ചു,’ അദ്ദേഹം പറഞ്ഞു.

എഫ്‌ഐആറില്‍ നടന്റെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ സഹായിക്കാതെ വാഹനം നിര്‍ത്താതെ പോയതായും ഉത്തരവാദിത്തപ്പെട്ടവരെ വിവരം അറിയിച്ചില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേരായ സുധീര്‍കുമാര്‍ രാജു എന്നാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു, ജീവഹാനി സംഭവിക്കാവുന്ന തരത്തില്‍ അശ്രദ്ധമായി വണ്ടി ഓടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *