തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും .28ന് വൈകീട്ട് 4നാണ് ഉദ്ഘാടനയോഗം. മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
മാനുകള്‍ ഒഴികെ സുവോളജിക്കല്‍ പാര്‍ക്കിലെ കൂടുകളിലേക്കുള്ള മുഴുവന്‍ മൃഗങ്ങളെയും തൃശൂരില്‍ നിന്ന് ഉടന്‍ മാറ്റും. സഫാരി പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ മാനുകളെയും പുത്തൂരില്‍ എത്തിക്കും. . ഉദ്ഘാടനം കഴിഞ്ഞാല്‍ രണ്ട് മാസത്തോളം കുറച്ച് പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. ജനുവരി മുതല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്‍പ് മൃഗങ്ങള്‍ക്ക് അതത് ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാനാകും. വിദേശ രാജ്യങ്ങളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം മൃഗങ്ങളെ പുത്തൂരിലെത്തിക്കുന്ന നടപടികളും ഈ മാസം നടക്കും. വിദേശത്തുനിന്ന് 6 ഇനങ്ങളിലായി 36 ജീവികളെ എത്തിക്കുന്നതിന് കരാറായി.

















