Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശബരിമല പൂങ്കാവനത്തിന്റെ കാവൽക്കാരൻ വിടചൊല്ലി

ദേവഹിതം നോക്കി നിത്യേന സന്ദർശനം അനുവദിക്കണമെന്ന് ഉപദേശം മുഖ്യമന്ത്രിക്ക് ഏതു ഉപദേശകൻ ആണ് നൽകിയെന്ന് പ്രയാർ ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ പൊതുവേദിയിൽ വെച്ച് പിണറായി വിജയനോട് ചോദിച്ചത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു

കൊച്ചി: മുൻ ചടയമംഗലം എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ  ഗോപാലകൃഷ്ണൻ വിട വാങ്ങി. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കാർ ഡ്രൈവർ വാഹനം വട്ടപ്പാറ  എസ്.യു.ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

2016 അധികാരം ഏറ്റെടുത്ത് മൂന്നാം മാസം ശബരിമലയിലെത്തി ക്ഷേത്രത്തിൽ നിത്യേന ദർശനത്തെ പറ്റി ദേവസ്വം ബോർഡ് ആലോചിക്കണം എന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിശക്തമായ രീതിയിൽ പൊതുവേദിയിൽ പ്രയാർ പ്രതികരിച്ചത്  ശ്രദ്ധേയമായി.

ദേവഹിതം നോക്കി നിത്യേന സന്ദർശനം അനുവദിക്കണമെന്ന് ഉപദേശം മുഖ്യമന്ത്രിക്ക് ഏത്  ഉപദേശകൻ ആണ് നൽകിയെന്ന് പ്രയാർ ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ പൊതുവേദിയിൽ വെച്ച് പിണറായി വിജയനോട് ചോദിച്ചത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പിന്നീട് ശബരിമലയിൽ യുഡിഎഫ് സർക്കാരിൻറെ സത്യവാങ്മൂലം തിരുത്തി യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്ത എൽഡിഎഫ് സർക്കാരിനെതിരെയും പ്രയാർ ഉറച്ച നിലപാടെടുത്തു.   യുവതി പ്രവേശനം സുപ്രീംകോടതി അനുവദിച്ചപ്പോൾ  കേരളത്തിലാകമാനം നടന്ന ആചാര- വിശ്വാസ സംരക്ഷണ പ്രക്ഷോഭങ്ങളിലും പ്രയാർ മുഖ്യപങ്കുവഹിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംഘപരിവാറിനെക്കാൾ കൃത്യവും വ്യക്തവുമായിരുന്നു പ്രയാറിന്റെ നിലപാടുകൾ. ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നിരവധിതവണ അദ്ദേഹം അറസ്റ്റ് വരിക്കുകയും ചെയ്തു. എന്തുവിലകൊടുത്തും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുമെന്ന് ഉറച്ച നിലപാടെടുത്ത പ്രയാർ വലിയ ജനപിന്തുണ നേടി.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിയമ പോരാട്ടത്തിനായി പ്രയാർ സുപ്രീംകോടതിയിലും എത്തി. പ്രയാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാനത്തുനിന്ന് മാറ്റുവാൻ പിണറായി വിജയൻ സർക്കാർ ഓർഡിനൻസ് ഇറക്കി ഭരണസമിതിയുടെ  മൂന്നു വർഷ കാലാവധി രണ്ടു വർഷമാക്കി ചുരുക്കി.

പിന്നീട്  പ്രയാർറിനെതിരെ അഴിമതി ആരോപണങ്ങൾ സർക്കാർ വൃത്തങ്ങൾ ഉന്നയിച്ചെങ്കിലും അവ അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങൾ എന്ന് തെളിഞ്ഞു. മറ്റു മതസ്ഥരെ പോലെ ഹൈന്ദവ സമൂഹം സ്വന്തം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് നിലപാടും പ്രയാർ തുറന്നു പറഞ്ഞു. പ്രയാർ ബിജെപിയിൽ ചേരുന്നു എന്ന് പ്രചാരണം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായെങ്കിലും അടിയുറച്ച് കോൺഗ്രസ്സുകാരനായി അദ്ദേഹം നിലകൊണ്ടു .

2001 എൽഡിഎഫ് കോട്ടയായ  ചടയമംഗലം അസംബ്ലി മണ്ഡലത്തിൽ അട്ടിമറി വിജയത്തോടെയാണ്  പ്രയാർ ആദ്യമായി എം.എൽ.എ ആയത്. അതിനുമുൻപ് ഒന്നര പതിറ്റാണ്ട് കാലം മിൽമയുടെ പ്രസിഡന്റായി അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെച്ചു. മുന്നോക്ക ക്ഷേമ ബോർഡ്  പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ശബരിമല പ്രക്ഷോഭകാലത്ത് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പ്രയാർ പോലീസ് സ്റ്റേഷനിൽ നിൽക്കുന്നത് കണ്ട് താൻ വല്ലാതെ ദുഃഖിച്ചെന്നും പ്രയാർറിനെ കൈപിടിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടു വന്നെന്നും കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ തൻറെ അനുശോചനസന്ദേശത്തിൽ കുറിച്ചു. നാളെ രാവിലെ 10 മണിക്ക് കൊല്ലം ഡി.സി.സി ഓഫീസിൽ പ്രയാർറിന്റെ മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും.

പിന്നീട് ഉച്ച തിരിഞ്ഞ് രണ്ടുമണിക്ക് ചിതറയിലെ വീട്ടിൽ അന്ത്യകർമ്മങ്ങൾ നടക്കും. അദ്ധ്യാപികയായ എസ് സുധർമയാണ് പ്രയാറിന്റെ  പത്നി.  ഡോ. റാണി, ഡോ. വേണ്ടി കൃഷ്ണയും വേണി കൃഷ്ണ, വിഷ്ണു ജി. കൃഷ്ണൻ എന്നിവർ മക്കൾ.

Leave a Comment

Your email address will not be published. Required fields are marked *