കൊച്ചി: കേരളത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ യുവാക്കളുടെ തൊഴില്‍ അവസരങ്ങളെല്ലാം നശിപ്പിച്ചുവെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു മുന്നണികളും കേരളത്തെ അഴിമതിയില്‍ മുക്കി.
ബി.ജെ.പി സംഘടിപ്പിച്ച ‘യുവം 2023’ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി. ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു.
അധികാരത്തിലിരിക്കുന്നവര്‍ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നും മോദി പ്രസ്താവിച്ചു. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബി.ജെ.പി അധികാരം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം അമൃതകാലത്തിലൂടെയാണ് മുന്നേറുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വികസനം കൊണ്ടുവന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ആണ് ഇന്ത്യയെ ലോകം കാണുന്നത്.
മഹാത്യാഗികളുടെ തുടര്‍ച്ചയാണ് കേരളത്തിലെ യുവത. ശ്രീനാരായണ ഗുരു, അക്കാമ്മ ചെറിയാന്‍ എന്നിവരുടെ പാതയാണ് ചെറുപ്പക്കാര്‍ പിന്തുടരുന്നത്. നമ്പി നാരായണന്‍ അടക്കം കേരളത്തിലെ നിരവധി ആളുകള്‍ യുവാക്കള്‍ക്ക് പ്രചോദനമാണ്. പരമ്പരാഗതമായ അറിവിനെ പുനരുദ്ധാനം ചെയ്യാന്‍ ആദിശങ്കരന്‍ വന്നു.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി ബ.ിജെ.പി സര്‍ക്കാര്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് പക്ഷേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള താല്‍പര്യമില്ല.
കേരളത്തിലെ യുവജനതയുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കണം. രാജ്യം അതിവേഗം മുന്നേറുമ്പോള്‍ കേരള അതിനൊപ്പം നില്‍ക്കണം. എന്നാല്‍ ഒരുകൂട്ടര്‍ കേരളത്തിന്റെ താല്‍പര്യത്തിനേക്കാള്‍ പാര്‍ട്ടിക്കും മറ്റൊരു കൂട്ടര്‍ ഒരു കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് അതിലൂടെ നഷ്ടമാകുന്നതെന്നും മോദി പറഞ്ഞു
ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങള്‍ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു.
‘പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്‌കാരം’ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു.
കൊച്ചിയിലെ റോഡിലൂടെ നടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. തേവര ജംക്ഷന്‍ മുതല്‍ ഒരു കിലോമീറ്ററോളം കാല്‍നടയായും തുടര്‍ന്ന് യാത്ര വാഹനത്തിലുമായി റോഡ് ഷോ നടത്തി. മഞ്ഞപ്പൂക്കള്‍ വിതറി റോഡിനിരുവശവും കാത്തുനിന്ന ബി.ജെ.പി പ്രവര്‍ത്തകരും ജനങ്ങളും മോദിയെ വരവേറ്റു. . മോദിയെത്തിയത് കസവുമുണ്ടും ജുബ്ബയും ധരിച്ചാണ്.
യുവം പരിപാടി; മുന്‍ നിരയില്‍ അനില്‍ ആന്റണി; വേദിയില്‍ അപര്‍ണാ ബാലമുരളിയും ഉണ്ണി മുകുന്ദനും, വിജയ് യേശുദാസും
ബി.ജെ.പി യുവം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുന്‍നിരയില്‍ അനില്‍ കെ ആന്റണിയും. യുവമോര്‍ച്ചാ ദേശിയ അധ്യക്ഷന്‍ തേജസ്വി സൂര്യ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി തുടങ്ങിയവരും മുന്‍നിരയില്‍ ഇരുന്നു.
പിന്‍നിരയില്‍ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, അപര്‍ണാ ബാലമുരളി, നവ്യാ നായര്‍, ഗായകന്മാരായ കെ.എസ് ഹരിശങ്കര്‍, വിജയ് യേശുദാസ് എന്നിവരും ഇടംനേടി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അപര്‍ണാ ബാലമുരളി പറഞ്ഞു. ‘നാളെയുടെ ഭാവി എന്ന കോണ്‍സപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’ അപര്‍ണാ ബാലമുരളി പറഞ്ഞു. അപര്‍ണാ ബാലമുരളിക്ക് പുറമെ ഗായകന്‍ വിജയ് യേശുദാസ്, നടന്‍ ഉണ്ണി മുകുന്ദന്‍, നവ്യാ നായര്‍, സ്റ്റീഫന്‍ ദേവസി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.