Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു. . രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (28)  എന്നിവരാണ് മരിച്ചത്. പാടത്ത്് പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.  കനത്ത മഴയെ തുടര്‍ന്നാണ് ലൈന്‍ കമ്പി പൊട്ടി വീണത്. രണ്ട് ദിവസമായി ഇവിടെ മഴ ശക്തമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കനകാധരന്റെ ഉടമസ്ഥതയിലുള്ള പാടത്ത് രണ്ട് ദിവസമായി പെയ്ത് മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴയ്ക്ക് ശമനമായി. കനകാധരന്‍ 15 പശുക്കളെ വളര്‍ത്തിയിരുന്നു. പശുക്കള്‍ക്കുള്ള തീറ്റയ്ക്കായി  കനകാധരനും, രണ്ട് ആണ്‍ മക്കളും പാടത്ത് പുല്ലരിയാന്‍ എത്തി. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ മരുമകള്‍ ആതിരയാണ്  കനകാധരന്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്ത് ചലനമറ്റ് കിടക്കുന്നത് കണ്ടത്.

മരുമകളുടെ നിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. പാടത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണു കിടക്കുന്ന  കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. ഷോക്ക് കാരണം ആര്‍ക്കും അപകട സ്ഥലത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. കൃഷിയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചാണ് നാട്ടുകാര്‍ ഷോക്കേറ്റ കനകാധരനെയും രണ്ട് മക്കളെയും നെറ്റിത്തോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നു പേരുടെയും ജീവന്‍ നഷ്ടമായിരുന്നു.  

പാടത്തേക്ക് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മൂന്ന് പേരും മരിച്ചതെന്ന് വണ്ടന്‍മേട് പോലീസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.
ഭാര്യ ആതിരയെയും, ഒന്നരവയസ്സുകാരന്‍ ഗൗതമിനെയും തനിച്ചാക്കിയാണ് വിഷ്ണുവിന്റെ അകാലവിയോഗം. വിഷ്ണുവിന്റെ സഹോദരനായ മരിച്ച വിനീത് അവിവാഹിതനാണ്.
ഓമനയാണ് കനകാധരന്റെ ഭാര്യ.

ചിത്രം അടിക്കുറിപ്പ്: വൈദ്യുതി ആഘാതമേറ്റ് മരണപ്പെട്ട വിഷ്ണു, കനകാധരൻ, വീനിത്. അപകടം നടന്ന രാജാക്കണ്ടതെ വിവിധ ദൃശ്യങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *