തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ കരുതലില്‍, പാറമേക്കാവിലമ്മയുടെ കണ്‍വെട്ടത്തു നിന്ന് വിനോദ് ‘ഗരുഡ’സവാരി തുടങ്ങി. ക്ഷേത്രസവിധത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഓട്ടോറിക്ഷയുടെ താക്കോല്‍ കോട്ടപ്പുറം സ്വദേശിയായ വിളക്കപ്പാടി വീട്ടില്‍ വിനോദിന് കൈമാറി. തിരുവമ്പാടി ഭക്തനായ രാധാജയത്തില്‍ അച്ചു എന്ന അച്ചൂട്ടിയാണ് പാറമേക്കാവിലമ്മയുടെ ഭക്തനായ വിനോദിന് ഓട്ടോ നല്‍കാന്‍ സന്‍മനസ്സ് കാണിച്ചത്.
കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഓട്ടോ ഡ്രൈവറായ വിനോദിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ അപകടം നടന്നത്. കുട്ടന്‍കുളങ്ങരയില്‍ വെച്ച് വിനോദ് ഓടിച്ചിരുന്ന ഓട്ടോയില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. പാട്ടുരായ്ക്കലില്‍ നിന്ന് പൂങ്കുന്നത്തേക്കുള്ള റോഡിലൂടെ പോകുമ്പോഴായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ വിനോദിന്റെ ഓട്ടോയില്‍ ഇടിച്ചു. ശക്തമായ ഇടിയില്‍ ഓട്ടോ തകര്‍ന്നെങ്കിലും. വിനോദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉപജീവനമാര്‍ഗമായ ഓട്ടോ തകര്‍ന്നതോടെ വിനോദിന്റെ ജീവിതം പ്രതിസന്ധിയിലായി.
പൂരപ്രേമിസംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു വിനോദ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനോദിനെ കാണാനെത്തിയ പൂരപ്രേമിസംഘത്തിന്റെ ഭാരവാഹികള്‍ ഉറ്റസുഹൃത്തിനെ കൈവിടില്ലെന്ന പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്. വിനോദിന് ഓട്ടോ വാങ്ങി നല്‍കാനുള്ള പൂരപ്രേമിസംഘത്തിന്റെ ശ്രമം അറിഞ്ഞ തിരുവമ്പാടി അച്ചു നാല് വര്‍ഷം മാത്രം പഴക്കമുള്ള തന്റെ തിരുവമ്പാടി ഗരുഡന്‍ എന്ന ഓട്ടോ കേവലം ഒരു ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. ഇതോടെ വിനോദിന്റെ ജീവിതവഴിയില്‍ പച്ചവെളിച്ചം തെളിഞ്ഞു. പൂരപ്രേമിസംഘത്തിന്റെ സ്‌നേഹത്തണലില്‍ പുതിയ ഓട്ടോയില്‍ വിനോദ് ജീവിതയാത്ര തുടങ്ങി.
ചടങ്ങില്‍ പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫോറസ് മോട്ടോഴ്സ് നല്‍കുന്ന ഒരു വര്‍ഷത്തെ സൗജന്യ സേവനത്തിന്റെ സാക്ഷ്യപത്രം തന്ത്രി മുഖ്യന്‍ പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിനോദിന് നല്‍കി. വിജിലന്‍സ് എ.സി.പി വി.കെ. രാജു , മേള പ്രമാണിമാരായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍, പാറമേക്കാവ് മേല്‍ശാന്തി കരകന്നൂര്‍ വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് കൗണ്‍സിലര്‍മാരായ റെജി ജോയ്, പൂര്‍ണ്ണിമ സുരേഷ്, പൂരപ്രേമി സംഘം മുഖ്യരക്ഷാധികാരി കോരമ്പത്ത് ഗോപിനാഥ്, രക്ഷാധികാരി നന്ദന്‍ വാകയില്‍, കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു