തൃശൂര്‍: ആരോപണ വിധേയരായ സംഘനൃത്തത്തിന്റെ വിധികര്‍ത്താക്കളെ വീണ്ടും നാടോടി നൃത്തത്തിനും നിയോഗിച്ചതായി പരാതി. ഇന്നലെ അരങ്ങേറിയ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് ജഡ്ജസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും, അധ്യാപകരും സംഘനൃത്തത്തിലെ വിധികര്‍ത്താവിനെതിരെ ഇന്നലെ പരസ്യമായി പ്രതികരിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
സംഘനൃത്തിനുണ്ടായിരുന്ന മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടു പേരാണ് ഇന്ന് ഹൈസ്്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തിനും മാര്‍ക്കിടാന്‍ എത്തിയത്. ഇത് രക്ഷിതാക്കളും അധ്യാപകരും ചോദ്യം ചെയ്തു. വിധികര്‍ത്താക്കളെ രക്ഷിതാക്കളും അധ്യാപകരും വളഞ്ഞതോടെ കലോത്സവവേദി ബഹളമയമായി.
സംഘനൃത്ത മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിലധികം നേരത്തെ കാത്തിരിപ്പിന് ശേഷം മാത്രമാണ് ഫലം പ്രഖ്യാപിച്ചതെന്നും, ഒന്നാം സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആരോപണവിധേയനായ വിധികര്‍ത്താവ് പരസ്പരവിരുദ്ധമായതും, വാസ്തവവിരുദ്ധമായതുമായ വിശദീകരണമാണ് നല്‍കിയെന്ന് മറ്റ് ചില സ്കൂളുകളിലെ നൃത്താധ്യാപകരും, രക്ഷിതാക്കളും പറയുന്നു. ഇന്നലെ രാത്രി തന്നെ അപ്പീല്‍ കമ്മിറ്റി മുന്‍പാകെ പരാതി നല്കാന് ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ അപ്പീല്‍ കമ്മിറ്റി ഓഫീസ് അടച്ചുപോയിരുന്നു. സംഘാടകര്‍ പറഞ്ഞതു പ്രകാരം ഇന്ന് രാവിലെയാണ് അപ്പീല്‍ കമ്മിറ്റിയില്‍ വിധികര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് രക്ഷിതാക്കളും, അധ്യാപകരും പറഞ്ഞു. അര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനവും മറ്റും നല്‍കണമെന്ന് മാത്രമാണ് മറ്റ് സ്കൂളുകളിലെ നൃത്താധ്യാപകരുടെ ആവശ്യം. മതിയായ യോഗ്യതയുള്ളവരെ വിധികര്‍ത്താക്കളായി നിയമിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു മലയാളം അധ്യാപകനാണ് സംഘനൃത്തത്തിന് ജഡ്ജായി വന്നതെന്നാണ്്അറിയാന് കഴിഞ്ഞതെന്നും ഒരു നൃത്താധ്യാപിക ന്യൂസ്സ്് കേരള ഡോട്ട് കോമിനോട് പറഞ്ഞു.
സംഘനൃത്തത്തിലെ വിധികര്‍ത്താവിനെ വീണ്ടും ജഡ്ജായി നാടോടി നൃത്തത്തിനും നിയോഗിച്ചതിനെതിരെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അടക്കം നിരവധി പേര് പരാതി നല്‍കിയിട്ടുണ്ടെന്നറിയുന്നു.