Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹൈക്കോടതിയുടെ അതൃപ്തി,മറിയക്കുട്ടിയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു

കൊച്ചി: മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയപ്രേരിതമെന്ന സര്‍ക്കാര്‍
അഭിഭാഷകന്റെ നിലപാടില്‍ തിരുത്തല്‍. സര്‍ക്കാരിന്റെ പരാമര്‍ശത്തെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഹര്‍ജിക്കാരിയെ അപഹസിച്ച സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകമാണ്. ഹര്‍ജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ആളുകള്‍ക്കു ജീവിക്കണ്ടേ. ആളുകളുടെ മാന്യതയെപ്പറ്റി സര്‍ക്കാര്‍ ഓര്‍ക്കണം. ഹര്‍ജിക്കാരിക്ക് കിട്ടാനുളള 4,500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്‌നിറ്റിയും കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ട്.’- കോടതി പറഞ്ഞു.

ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ വയ്ക്കും. സീനിയര്‍ അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ സാഹചര്യം പരിശോധിക്കും. ഇതുവഴി സര്‍ക്കാര്‍ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാരിക്ക് താല്പര്യമെങ്കില്‍ കോടതി വഴി സഹായിക്കാന്‍ തയ്യാറാണെന്ന് കോടതി പറഞ്ഞു. അതേസമയം, ഹര്‍ജിയില്‍ സര്‍ക്കാരും കോടതിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് കോടതിയില്‍ നടന്നത്. കോടതി അനാവശ്യമായ കാര്യങ്ങള്‍ പറയുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഞാന്‍ എന്ത് തെറ്റാണ് പറഞ്ഞത് പറയണമെന്ന് കോടതി പറഞ്ഞു. പറഞ്ഞാല്‍ താന്‍ ഈ കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണ്. ഒരു വയസായ സ്ത്രീയുടെ കൂടെ നിന്നതാണോ തെറ്റ്. താന്‍ പറഞ്ഞ തെറ്റ് ഈ ബാറിലെ ആരെങ്കിലും ചൂണ്ടി കാണിച്ചാല്‍ കേസില്‍ പിന്മാറാന്‍ തയ്യാറാണെന്നും ജസ്റ്റീസ് ദേവന്‍ പറഞ്ഞു. കോടതിയുടെ വിമര്‍ശനം ശക്തമായതോടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *