കുന്നംകുളം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുവത്താനിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിന്റെ വന്‍ കൊള്ളയാണ് കരുവന്നൂരില്‍ പുറത്തുവന്നത്.
നിക്ഷേപകരില്‍ ചിലര്‍ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ചു. നിക്ഷേപകരുടെ മക്കളുടെ വിവാഹം മുടങ്ങുന്നു. പണം ലഭിക്കുന്നില്ല. അത് കൊള്ളയടിക്കപ്പെട്ടിരിക്കുകയാണെന്നും അവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും മോദി
ആരോപിച്ചു.
അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. മാറി ഭരിക്കുന്ന ഇടത്, വലത് സര്‍ക്കാരുകള്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷു, പാലക്കാട്് മണപ്പുള്ളിക്കാവ് ഉത്സവം തൃശ്ശൂര്‍ പൂരം തുടങ്ങിയ ഉത്സവകാലത്താണ് താന്‍ കേരളത്തില്‍ പ്രത്യേകിച്ച് തൃശൂരില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദി സംഘടനയെയും കൂട്ടുപിടിച്ച് ജയിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ലക്ഷ്യം തന്നെ ഇപ്പോള്‍ അവരുടെ അഴിമതിയെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ്. അഴിമതിക്കാരെ മോദി സര്‍ക്കാര്‍ പിടികൂടുമെന്നായപ്പോഴാണ് ഇവര്‍ മുന്നണി ഉണ്ടാക്കി പ്രതിരോധിക്കാനുള്ള ശക്തി സംഭരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.