മീഡിയ അക്കാദമിയും പ്രസ്‌ക്ലബും ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി
തൃശൂര്‍: നീതിനിഷേധങ്ങള്‍ക്കെതിരായ ജനകീയസമരങ്ങളെും, പ്രതിഷേധക്കാര്‍ക്കു നേരെയുള്ള ക്രൂരമായ അടിച്ചമര്‍ത്തലുകളും മികവോടെ പകര്‍ത്തിയ ഫോട്ടോഗ്രാഫറായിരുന്നു കെ.എസ്.പ്രവീണ്‍കുമാറെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദു അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി തൃശൂര്‍ പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന അന്തരിച്ച കെ.എസ് പ്രവീണ്‍കുമാറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ പ്രഥമ ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനപക്ഷത്തുനിന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കഴിയണം.സമൂഹത്തിന്റെ മൂന്നാംകണ്ണാണ് ക്യാമറ. ക്യാമറയെ മനുഷ്യപക്ഷത്ത് നിര്‍ത്തുന്ന സമരായുധമാക്കി മാറ്റാന്‍ കഴിയണം. തൊഴിലാളി സമരങ്ങളുടെ നീറുന്ന കാഴ്ചകള്‍ മനുഷ്യമനസുകളിലേക്ക് അതുപോലെ വിനിമയം ചെയ്യാന്‍ കഴിഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു പ്രവീണ്‍ കുമാറെന്ന് മന്ത്രി പറഞ്ഞു.
പ്രഥമ പ്രവീണ്‍കുമാര്‍ അവാര്‍ഡ് നേടിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫര്‍ എ. സനേഷിന് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു.
സംവിധായകന്‍ പ്രിയനന്ദനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എംഎല്‍എ, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ റസല്‍ ഷാഹുല്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോള്‍ മാത്യു, പ്രവീണ്‍ കുമാറിന്റെ ഭാര്യ ഡോ. രത്‌ന കുമാരി എന്നിവര്‍ സംസാരിച്ചു.