തിരുവനന്തപുരം: തൃശൂര്‍ മേയര്‍ ബി.ജെ.പി നേതാവില്‍ നിന്ന് കേക്ക് സ്വീകരിച്ച വിഷയത്തില്‍ മുന്‍ മന്ത്രികൂടിയായ വി.എസ്.സുനില്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സി.പി.ഐ എക്സിക്യൂട്ടീവ് അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. എക്സിക്യൂട്ടീവ് യോഗത്തില്‍ അസി.സെക്രട്ടറി പി.പി.സുനീറാണ് സുനില്‍കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നേരത്തെ സി.പി.ഐ കൗണ്‍സിലര്‍ സതീഷും സുനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കേക്ക് വിവാദത്തില്‍ സുനില്‍കുമാറിന്റെ പരാമര്‍ശത്തില്‍ പിശക് പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവായ സുനില്‍കുമാറിനോട് സംസാരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിശക് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേക്ക് വിവാദത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടത് ശരിയായില്ല. തൃശൂരിലെ ഘടകവുമായി ആലോചിച്ച് പ്രതികരിക്കണമായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.
മേയര്‍ എം.കെ വര്‍ഗീസിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് വി.എസ് സുനില്‍കുമാര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ സ്നേഹസന്ദേശയാത്രയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മേയര്‍ എം.കെ വര്‍ഗീസിനെ വീട്ടിലെത്തി കേക്ക് കൈമാറിയതിലായിരുന്നു വി.എസ് സുനില്‍കുമാറിന്റെ പ്രസ്താവന. കേക്ക് കൈമാറ്റം യാദൃശ്ചികമല്ലെന്നും മുന്നണി രാഷ്ട്രീയത്തോടാണ് കൂറ് പുലര്‍ത്തേണ്ടതെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
സുനില്‍കുമാറിന്റെ പ്രസ്താവനയില്‍ എല്‍.ഡി.എഫില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.