ഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദരനും സെഞ്ചുറികൾ 90 നേടി കെ എൽ രാഹുൽ
അവസാന ടെസ്റ്റിൽ പരിക്കേറ്റ റിഷഭ് പന്ത് കളിക്കില്ല; പകരം ധ്രുവ് ജുറേൽ. ഷാർദുൽ ഠാക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിന് സാധ്യത
കൊച്ചി: മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിൽ നാലാം ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര നേടാമെന്ന് ഇംഗ്ലണ്ട് മോഹങ്ങൾ തകർത്ത് ഇന്ത്യയുടെ ശക്തമായ ബാക്റ്റിംഗ് പ്രതിരോധം. രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി തോൽവിയെ മുഖാമുഖം കണ്ട ഇന്ത്യൻ ടീം അവസാന ദിവസം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് നേടി ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചു. ലണ്ടൻ ഓവലിൽ 31ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് പരമ്പരയുടെ വിധി നിർണയിക്കും. ഓവലിൽ വിജയിച്ച് (3- 1ന്) പരമ്പര നേടുവാൻ ഇംഗ്ലണ്ട് പരിശ്രമിക്കുമ്പോൾ (2- 2ന് ) പരമ്പര സമനിലയിലാക്കുവാനായിരിക്കും ഇന്ത്യയുടെ ശ്രമം.
അഞ്ചാം ദിവസം ഇംഗ്ലണ്ട് ന്യൂ ബോൾ എടുക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 90 റൺസ് നേടിയ കെ എൽ രാഹുലിനെ എൽബിഡബ്ല്യുവിൽ കുടുക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിലും സെഞ്ച്വറി നേടിയ ശേഷം ആർച്ചരുടെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ചു പുറത്തായി. വിജയം ഇംഗ്ലണ്ട് ഉറപ്പിച്ച സമയം അഞ്ചാമനായി ഇറങ്ങിയ വാഷിംഗ്ടൺ സുന്ദറും – കഴിഞ്ഞ ടെസ്റ്റിൽ അവസാനം വരെ പോരാടി പ്രതിരോധം തീർത്ത രവീന്ദ്ര ജഡേജയും ചേർന്ന് 203 റൺ കൂട്ടുകെട്ട് വിജയം നേടാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷയെ തകർത്തു.
ജഡേജ് നേരിട്ട ആദ്യപന്തിൽ തന്നെ ജോ റൂട്ട് സ്ലിപ്പിൽ ക്യാച്ച് കളഞ്ഞത് നിർണായകമായി. ജഡേജ (107) വാഷിംഗ്ടൺ സുന്ദർ (101) എന്നിവരുടെ ധീരമായ ബാറ്റിംഗ് തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ച് ടെസ്റ്റ് സമനിലയിലാക്കി. ഇന്ത്യയക്ക് വേണ്ടി സുന്ദറിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിക്കാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്. ശക്തമായ ബാറ്റിംഗ് പ്രകടനം നിർണായകമായ ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകും.