തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. റോഡ് ബ്ലോക്കായതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്.
നിരവധി ആഡംബര കാറുകളിലാണ് വിവാഹ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. ഇതോടെ റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ടു.
ഇതോടെ വാക്കേറ്റമുണ്ടാവുകയും ചിലര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു വിഭാഗവും കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. കല്ലേറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തെന്നും കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു.













