ചെന്നൈ: ജെല്ലിക്കെട്ടില്‍ മികച്ചവിജയം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ജല്ലിക്കെട്ട് മത്സരങ്ങളില്‍ കൂടുതല്‍ കാളകളെ മെരുക്കി മികവുപുലര്‍ത്തുന്നര്‍ക്ക് മൃഗസംരക്ഷണവകുപ്പിലായിരിക്കും ജോലി നല്‍കുക. ജല്ലിക്കെട്ടിലൂടെ തമിഴ്‌നാടിന്റെ സാംസ്‌കാരികപൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ശനിയാഴ്ച മധുരയില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ടുകാളകള്‍ക്ക് നിലവാരമുള്ള ചികിത്സയും ശാസ്ത്രീയപരിചരണവും ഉറപ്പാക്കുന്നതിനായി അളങ്കാനല്ലൂരില്‍ രണ്ടുകോടി രൂപ ചെലവില്‍ അത്യാധുനിക ചികിത്സാകേന്ദ്രം ആരംഭിക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. മധുരയുടെ ചരിത്രപരമായ സ്വത്വം വീരതയും ധീരതയുമാണെന്നും പ്രശസ്തമായ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് കാണുന്നത് തമിഴര്‍ക്ക് അഭിമാനമുഹൂര്‍ത്തമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.















