പഴയന്നൂർ : പഠിച്ചുവളർന്ന വിദ്യാലയമുറ്റത്തേക്ക് പതിറ്റാണ്ടുകൾക്കുശേഷം അതിഥിയായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലായിരുന്നു പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ. എ. തുളസി. പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കലോത്സവം ‘നവരംഗ്’ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് ചടങ്ങ് സ്വന്തം വിദ്യാലയത്തിലേക്കുള്ള വൈകാരികമായ തിരിച്ചുവരവായി. 1988ലാണ് മന്ത്രി ഈ സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കിയത്. എട്ടാം ക്ലാസ് മുതൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ വിദ്യാലയത്തിലേക്ക് വർഷങ്ങൾക്കുശേഷം മന്ത്രിയും ഉദ്ഘാടകയുമായി തിരിച്ചെത്തിയപ്പോൾ പഴയ ഓർമകളും സൗഹൃദങ്ങളും വീണ്ടും സജീവമായി. ഒപ്പം പഠിക്കുകയും പുസ്തകം വായിക്കുകയും കളിച്ചുനടക്കുകയും ചെയ്ത സഹപാഠി കെ. എൻ. ജയന്തി ഇന്ന് ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്. പഴയ സഹപാഠികൾ വീണ്ടും ഒരേ വേദിയിൽ കണ്ടുമുട്ടിയത് ചടങ്ങിന് വേറിട്ട അനുഭവമായി. വിദ്യാർഥികളുടെ കലാപ്രകടനങ്ങളുടെയും ആഘോഷങ്ങളുടെയും നിറപ്പകിട്ടിനൊപ്പം പഴയ വിദ്യാലയ ഓർമകളും ചേർന്നപ്പോൾ ‘നവരംഗ്’ ശ്രദ്ധേയമായി. ചേലക്കര എം.എൽ.എ. യു. ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം കെ. ആർ. സത്യൻ, പഞ്ചായത്തംഗം സഞ്ജിത്ത് തങ്കപ്പൻ, പി.ടി.എ. പ്രസിഡന്റ് എ. ബി. നൗഷാദ്, പ്രിൻസിപ്പൽ ആർ. ഗോപകുമാർ, പ്രധാനാധ്യാപിക കെ. എൻ. ജയന്തി എന്നിവർ പങ്കെടുത്തു.
പഠിച്ച സ്കൂളിൽ മന്ത്രിയായി മടങ്ങിയെത്തി; പഴയ ഓർമകളിൽ മന്ത്രി കെ.എ തുളസി








