തൃശൂര്‍: ഐക്യജനാധിപത്യമുന്നണിയുടെ സീനിയര്‍ നേതാവും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനുമായ പി.ജെ. ജോസഫ് എം.എല്‍.എയെ അധിക്ഷേപിക്കുന്ന രീതിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ടി.എന്‍. പ്രതാപന്‍ നടത്തിയ പ്രസംഗം നിര്‍ഭാഗ്യകരമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ കേണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ടി.എന്‍. പ്രതാപനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളില്‍ ഇടപെടുന്നതിനുപകരം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിലെ പടലപിണക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതാപന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ. തോമസ് ഉണ്ണിയാടനുവേണ്ടി ടി.എന്‍. പ്രതാപന്‍ ഒഴുക്കുന്നത് മുതലകണ്ണീര്‍ മാത്രമാണ്. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അന്തരിച്ച നേതാവ് മാണിസാറിനേയും പലവട്ടം പ്രതാപന്‍ അപമാനിച്ച് സംസാരിച്ചിട്ടുണ്ട്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനും നേതാക്കളെ വെടക്കാക്കി തനിക്കാക്കാനുമുള്ള പ്രതാപന്‍റെ രാഷ്ട്രീയ കുതന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായി ഏഴ് തവണ നിയമസഭ സീറ്റ് നല്‍കി മത്സരിപ്പിക്കുകയും ഗവ. ചീഫ് ഉള്‍പ്പെടുയുള്ള ഉയര്‍ന്ന സ്ഥാനങ്ങള്‍ തോമസ് ഉണ്ണിയാടന് നല്‍കുകയും ചെയ്തത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് വിസ്മരിക്കരുതെന്നും സംരക്ഷണകവചത്തിന്‍റെ പേരില്‍ ധൃതരാഷ്ട്രാലിംഗനം ആകാതെ നോക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു
ടി.എന്‍. പ്രതാപന്‍റെ അഭിപ്രായപ്രകടനം നിര്‍ഭാഗ്യകരം: കേരള കോണ്‍ഗ്രസ്സ്








