തൃശൂര്‍: പൂരത്തിന് ഇനി നാളുകള്‍ എണ്ണിത്തുടങ്ങാം. തൃശൂര്‍ പൂരത്തിനുള്ള സ്വരാജ് റൗണ്ടിലെ മൂന്ന് ബഹുനിലപന്തലുകളുടെയും നിര്‍മ്മാണം തുടങ്ങി. തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഭൂമിപൂജ നടത്തി തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സി.വിജയന്‍, പി.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, വി.ശശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തട്ടകത്തുകാരാണ് ഇരു പന്തലുകളുടെയും കാല്‍നാട്ടിയത്. പി.ബാലചന്ദ്രൻ എം എൽഎ ,മേയര്‍ എം.കെ.വര്‍ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകളുടെ നിര്‍മാണച്ചുമതല ചെറുതുരുത്തി ആരാധനാ പന്തല്‍ വര്‍ക്‌സ് ഉടമ എം.എ സൈയ്തലവിക്കാണ്. ഗോപുര മാതൃകയിലാണ് പന്തലിൻ്റെ നിർമ്മാണം. മകൻ ഹൈദരാലിക്കാണ് ആർക്കിടെക്റ്റ് ചുമതല. മെയ് 10നാണ് തൃശൂര്‍ പൂരം. മെയ് 7ന് പന്തലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന്റെ നിര്‍മ്മാണം തിങ്കളാഴ്ച തുടങ്ങി.