തൃശൂര്‍: തര്‍ക്കങ്ങളും പ്രതിഷേധങ്ങള്‍ക്കും ശേഷം ഒരു മണിക്കൂറോളം വൈകി നടന്ന തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാനത്ത് വര്‍ണവസന്തം തീര്‍ത്തു. കര്‍ശന സുരക്ഷാ പരിശോധനയും, ജനങ്ങളെ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മൂലമാണ് 7 മണിക്ക് തുടങ്ങേണ്ട സാമ്പിള്‍ വൈകിയത്. രാത്രി 8.ന് പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തി. 9.50 ഓടെയാണ് തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങിയത്. ഫ്ളാഷും എല്‍.ഇ.ഡി കുടകളും, ആകാശപ്പുകയും ഇത്തവണ പുതുമയായി.
വെള്ളിക്കുളങ്ങര സ്വദേശി പി.സി.വര്‍ഗീസിനാണ് പാറമേക്കാവിന്റെ വെടിക്കെട്ടുചുമതല. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് കുണ്ടന്നൂര്‍ തെക്കേക്കര സ്വദേശിനി ഷീന സുരേഷാണ്. വെടിക്കെട്ടിന് ഇതാദ്യമായാണ്് വളയിട്ട കൈകളുടെ സാന്നിധ്യം. മുന്‍ വര്‍ഷങ്ങളില്‍ സാമ്പിള്‍ കാണാന്‍ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്റു പാര്‍ക്ക് മുതല്‍ ജോസ് തിയേറ്റര്‍ (ഇന്ത്യന്‍ കോഫി ഹൗസ് വരെ) ജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നു. ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ട് പൂര്‍ണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചതോടെ പ്രതിഷേധമായി. ജില്ലയിലെ മന്ത്രിമാരായ കെ. രാജന്, കെ.രാധാകൃഷ്ണന്, ആര്. ബിന്ദു എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി.
ആര്‍ക്കും കാണാനല്ലെങ്കില്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങള്‍ ഉന്നയിച്ചു. കാണാന്‍ ആളില്ലെങ്കില്‍ സാമ്പിള്‍ പൊട്ടിക്കുന്നില്ലെന്നും തങ്ങള്‍ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങള്‍ സ്വീകരിച്ചു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) നല്കിയ നിര്‍ദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏര്‍പ്പെടുത്തിയതെന്നു പോലീസ് വിശദീകരിച്ചു.
നിയന്ത്രണം നടപ്പാക്കിയശേഷം മാറ്റാനാവില്ലെന്നും ഇക്കാര്യത്തില്‍ മുന്‍പേ സര്‍ക്കാര്‍ ധാരണയുണ്ടാക്കണമായിരുന്നുവെന്ന നിലപാടുമാണ് പോലീസിന്. ഒടുവില്‍ സാമ്പിള്‍ പൊട്ടിക്കാനും നാളെ പ്രത്യേക യോഗം ചേര്‍ന്നു പൂരപ്പിറ്റേന്നുള്ള വെടിക്കെട്ടിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളില്‍ ഇളവിനെക്കുറിച്ച് ചര്‍ച്ച നടത്താനും ധാരണയായി.