Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സവർക്കറിന്റെ ‘ആസാദി കുട’ തൃശൂർ പൂരത്തിന് വേണ്ട !

തൃശൂര്‍:  തൃശ്ശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെച്ചൊല്ലി വിവാദം. എതിര്‍പ്പ് ശക്തമായതോടെ സവര്‍കറുടെ ചിത്രം പതിച്ച് കുടകള്‍ ഒഴിവാക്കാന്‍ പാറമേക്കാവ് വിഭാഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിവാദത്തിന് ഇല്ലെന്ന് പാറമേക്കാവ് ദേവസ്വം ന്യൂസ്സ് കേരള ഡോട്ട് കോമിന് അറിയിച്ചു. തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഉത്സവമാണെന്നും, പൂരത്തെ വിവാദക്കുരുക്കിലാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയില്‍ വി ഡി സവര്‍കറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് കാരണമായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

കുട പുറത്തിറക്കിയതിന് പിന്നാലെ വിവാദവും കൊഴുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിച്ച് ആളുകള്‍ രംഗത്തെത്തി.   ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു

സാമൂഹിക മാധ്യമങ്ങളില്‍ പോര്‍വിളി ഉയര്‍ന്നു.  സവര്‍ക്കര്‍ വഞ്ചകനും, ഒറ്റുകാരനെന്നും ഒരു വിഭാഗം  ആരോപിച്ചു.  വീരപുരുഷന്‍ എന്ന് വിശേഷിപ്പിച്ച് മറുവിഭാഗവും രംഗത്തെത്തിയതോടെ സംഭവം വൈറലായി.

ആസാദി കുടമാറ്റരുത് ; പാറമേക്കാവിന് പിന്തുണയെന്ന് ബി.ജെ.പി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത് വര്‍ഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രി രാധാകൃഷ്ണനും സി..പി.എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്‌കുമാര്‍ ആരോപിച്ചു. 

പൂരത്തിന് ഏത് കുടകള്‍ ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നത് ദേവസ്വവും ഭക്തന്മാരുമാണ്. രാജ്യദ്രോഹ സമീപനം വെച്ച് പുലര്‍ത്തുന്ന അവിശ്വാസികളായ സി.പി.എമ്മുകാര്‍ അനാവശ്യമായി ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി ദേശസ്‌നേഹ പ്രേരിതവും ശ്ലാഘനീയവുമാണ്. ക്ഷേത്രകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബി.ജെ.പി പിന്തുണയ്ക്കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും കമ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നു അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പും. രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആന്റമാനില്‍ ജയില്‍വാസം അനുഭവിച്ച വീര സവര്‍ക്കറെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂരത്തിന്റെ രാഷ്ട്രീയം 

കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലുള്ള വടക്കുന്നാഥൻ ക്ഷേത്രമാണ് തൃശ്ശൂർ പൂരത്തിന് ആതിഥേയത്വം വഹിക്കുന്നത്. വടക്കുന്നാഥൻ ക്ഷേത്രം മൈതാനിത്തിലാണ് (തേക്കിൻകാട് മൈതാനം) വെടിക്കെട്ടും കുടമാറ്റവും അടക്കം തൃശൂർ പൂരത്തിൻറെ  ഭൂരിഭാഗം ചടങ്ങുകൾ നടക്കുന്നത്. വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതിയിൽ ബഹുഭൂരിപക്ഷവും സി.പി.എം പ്രതിനിധികളാണ. പേരിന് മാത്രമാണ് ബി.ജെ.പി-ആർഎസ്എസ് പ്രാതിനിധ്യം.

എന്നാൽ തൃശൂർ പൂരത്തിൻറെ മുഖ്യ പങ്കാളികളായ പാറമേക്കാവ്  ദേവസ്വത്തിലും തിരുവമ്പാടി ദിവസത്തിലും കൂടുതലും  ആർഎസ്എസ് -ബിജെപി ബന്ധമുള്ളവരാണ്.  ഇത്തരമൊരു വർണ്ണക്കുട നിർമ്മിച്ച് പ്രദർശനത്തിന് വെച്ചതിനും പല കോണുകളിൽനിന്ന് പാറമേക്കാവ് ദേവസ്വം വിമർശനം നേരിടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മറ്റ് സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറുടെ ഛായാചിത്രം വച്ചതിന് ശേഷം സംസ്ഥാന സർക്കാരിൻറെ സമ്മർദംമൂലം അതുമാറ്റാൻ തയ്യാറായ പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ക്കെതിരെ ആർഎസ്എസ്-ബിജെപി പ്രവർത്തകരും അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *