ഇത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവാവുകയും ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന മറ്റൊരു കേസിന് വഴിവെക്കുകയും ചെയ്തു.
അതിന് ശേഷമാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാർ പീഡിപ്പിച്ചുവെന്ന് പരാതിയിൽ എടുത്ത കേസിൽ തെളിവില്ലെന്നും പീഡനാരോപണം വ്യാജമെന്നും പോലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടൻ ദിലീപിനെതിരെ നടത്തിയിരുന്നു.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗികപീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നതും പോലീസില്‍ നൽകിയ പരാതിയിൻ മേൽ കേസെടുത്തതും. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറഞ്ഞത്.
ജോലിക്ക് അവസരം വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കി യെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങൾ .
പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ച എങ്കിലും യാതൊരുവിധ തെളിവുകളും പരാതി സംബന്ധിച്ച് പോലീസിനെ ലഭിച്ചില്ല എന്നാണ് അറിയുന്നത്.
പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി ആരോപണം ഉന്നയിച്ചിരുന്നു. പരാതിക്കാരി പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു.
ഈ അന്വേഷണത്തിലാണ് ആരോപണം വ്യാജമെന്ന് കണ്ടെത്തിയത്. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ വച്ച് ദിലീപും സഹോദരനും മറ്റു അനുയായികളും ഒരു ടാബിൽ കണ്ടു എന്നതിന് താൻ ദൃക്സാക്ഷിയാണ് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ.
പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വച്ച് കണ്ടിരുന്ന കാര്യം ദിലീപിനോട് ആരാഞ്ഞപ്പോൾ അക്കാര്യങ്ങൾ പുറത്ത് പറയരുത് എന്ന് ദിലീപ് നിർദ്ദേശിച്ചതായും ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപിൻറെ സഹോദരനും ദിലീപും അടുത്ത ബന്ധുക്കളും പദ്ധതി ഒരുക്കുന്നു എന്ന രീതിയിലുള്ള ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.
ഇത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവാവുകയും ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന മറ്റൊരു കേസിന് വഴിവെക്കുകയും ചെയ്തു.
അതിന് പുറകെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്.