തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൂരനഗരിയില്‍ ‘പുലി’യിറങ്ങി. നാലോണനാളില്‍ ശക്തന്റെ രാജവീഥികളില്‍ ചെണ്ടയുടെ രൗദ്രനാദത്തിനൊത്ത്,
അരമണി കിലുക്കി നൃത്തച്ചുവടുവെച്ച് നീങ്ങിയ പുലിക്കൂട്ടങ്ങളെ കാണാന്‍ ഇക്കുറി റെക്കോഡ് ജനക്കൂട്ടമായിരുന്നു. അഞ്ച് മണിക്ക് മുന്‍പേ നഗരവും, പരിസരവും ജനനിബിഡമായി. ഇത്തവണ കാനാട്ടുകര ദേശം, പൂങ്കുന്നം ദേശം, വിയ്യൂര്‍ സെന്റര്‍, ശക്തന് ദേശം, അയ്യന്തോള്‍ ദേശം എന്നീ അഞ്ച് സംഘങ്ങളാണ് പുലിക്കളി ഉത്സവത്തിലെ പങ്കാളികള്‍. ഇത്തവണ ഇരുന്നൂറ്റിയമ്പതോളം പേര് പുലി വേഷമിട്ടു.
പൂങ്കുന്നം ദേശമായിരുന്നു ആദ്യം നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ തേങ്ങയുടച്ച് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചത്. പൂങ്കുന്നം ദേശത്ത് 50 മനുഷ്യ പുലികള്‍ നിരന്നു. രണ്ടാമതായി എം.ഒ. റോഡിലൂടെ ശക്തന് ദേശം റൗണ്ടിലെത്തി. തൊട്ടുപിന്നാലെ എം.ജി.റോഡിലൂടെ കാനാട്ടുകര ദേശവും റൗണ്ടിലെത്തി. കാനാട്ടുകരയില്‍ 45 പുലികള്‍ അണിനിരന്നു.
അല്പ നേരത്തിന് ശേഷം അയ്യന്തോള്‍ ദേശവും എത്തി. വടക്കേ സ്റ്റാന്‍ഡിലൂടെ വിയ്യൂര്‍ ദേശമാണ് അവസാനം നഗരത്തില്‍ എത്തിയത്. ആശുപത്രിയിലെ കോവിഡ് ദുരന്തക്കാഴ്ച, കൂട്ടിലാക്കപ്പെട്ട പുലി തുടങ്ങിയ സമകാലിക പ്രശ്നങ്ങളും , പുരാണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഒരുക്കിയ പ്ലോട്ടുകള്‍ കൗതുകകാഴ്ചയായി. കുതിരപ്പുറത്തുള്ള പുലിയും, വിവിധ നിറങ്ങളിലുളള പുലികളും പുലിയുത്സവത്തെ വര്‍ണാഭമാക്കി.