തൃശൂർ : ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തില്‍ തര്‍ക്കത്തിനിടെ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ ചക്കാമുക്ക്് സ്വദേശി അനില്‍ (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വീഴ്ചയിലെ ആഘാതം മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് ഇറ്റ്‌ഫോക്ക് ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജു പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ വീണത്. തുടര്‍ന്ന് അനിലിനെ തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.