Newsskerala

ഇന്ത്യന്‍ വംശജന്‍  മംദാനി ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ നേട്ടം.

തെരഞ്ഞെടുപ്പില്‍ 17 ലക്ഷം പേര്‍ വോട്ട് ചെയ്തുവെന്ന് ന്യൂയോര്‍ക്ക് സിറ്റിബോര്‍ഡ് ഓഫ് ഇലക്ഷന്‍ അറിയിച്ചു. ന്യൂയോര്‍ക്കിന്റെ  ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് 34കാരനായ സൊഹ്റാന്‍ മംദാനി.

അതേസമയം, മംദാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ  വിജയം തിരിച്ചടിയായി. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന് വിപത്തുണ്ടാകുമെന്നും ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മംദാനി വിജയിച്ചാല്‍ സമ്പൂര്‍ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ  അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ട്രംപ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

മുന്‍ ഗവര്‍ണറും മംദാനിയുടെ എതിരാളിയുമായ ആന്‍ഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആന്‍ഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ല. നിങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *