ദുബായ്: മന്ത്രി സജി ചെറിയാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് റാപ്പര്‍ വേടന്‍. തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണ് അദ്ദേഹം. താന്‍ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും വേടന്‍ പറഞ്ഞു. അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു.
വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കി എന്ന സംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നല്‍കും. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. ‘മോഹന്‍ലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വര്‍ഷം സിനിമ അവാര്‍ഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്‌കാരമെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല.താന്‍ ഒരു രാഷ്ടീയ പാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ ദുബായിയില്‍ പറഞ്ഞു. എന്നാല്‍ വേടന്‍ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു.
‘വേടനെ പോലും’ എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു.














