തൃശൂര്‍: ശക്തമായ കാറ്റില്‍ പെരിങ്ങാവില്‍ വന്‍ മരം കടപുഴകി വീണു. തിരക്കേറിയ തൃശൂര്‍-ഷൊര്‍ണൂര്‍ ദേശീയപാതയിലാണ് തൈക്കാട്ടിൽ ആട്ടോക്കാരന്‍ ഫ്രാന്‍സിസിന്റെ വീട്ടിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള മാവ് വീണത്. ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം മൂന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. പെരിങ്ങാവ് പി.ഡബ്ലി.യു റോഡിലേക്കാണ് മരം വീണത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി ഫ്രാന്‍സിസും കുടുംബവും വിദേശത്തായതിനാല്‍ ഈ വീട്ടില്‍ ആരും താമസിക്കുന്നില്ല.
മരം വീണ ഭാഗത്ത് ഓട്ടോസ്റ്റാന്‍ഡും ഉണ്ട്. മരം വീണത് വെളുപ്പിനായതിനാല്‍ ഓട്ടോകളും ഇവിടെ ഇല്ലായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നാ്ട്ടുകാരുടെയും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ മരം മുറിച്ചുമാറ്റല്‍ തുടങ്ങി. പെരിങ്ങാവ് റോഡില്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. കോലോത്തുംപാടത്തും, പാട്ടുരായ്ക്കലിലും, പെരിങ്ങാവിലും വെളുപ്പിന് മുതല്‍ വൈദ്യതി ബന്ധം തടസ്സപ്പെട്ടു.
മതിയായ ഉപകരണങ്ങളില്ല മരം മുറി്ച്ചുമാറ്റല്‍ വൈകും,
പെരിങ്ങാവും, പരിസരദേശങ്ങളും 2 ദിവസം ഇരുട്ടിലായേക്കും
തൃശൂര്‍: നൂറ് വര്‍ഷം പഴക്കമുള്ള വന്‍ മരം കടപുഴകി വീണ പെരിങ്ങാവില്‍ വൈദ്യുതി ബന്ധം പുന: സ്ഥാപിക്കുന്നതിന് രണ്ട് ദിവസമെടുക്കാന്‍ സാധ്യത. ഹൈടെന്‍ഷന്‍ പോസ്റ്റ് അടക്കം മൂന്ന് വൈദ്യുതി പോസ്റ്റുകളും ഇന്ന് വെളുപ്പിനുണ്ടായ ശക്തമായ കാറ്റില്‍ വീണിരുന്നു.
അതിവേഗത്തില്‍ മരവും പോസ്റ്റുകളും മാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ അഗ്നിശമന വിഭാഗത്തിന്റെ പക്കല്‍ ഇല്ല. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കട്ടര്‍ എത്തിച്ചാല്‍ മാത്രമേ വന്‍ മരം വേഗതയില്‍ മുറിച്ചുമാറ്റാന്‍ കഴിയൂ. വെളുപ്പിന് തന്നെ അഗ്നിശമന സേന സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു. പ്രാഥമികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അതേ വേഗതയില്‍ തന്നെ തിരിച്ചുപോയി. മരം മുറിക്കാന്‍ ആവശ്യമായ കട്ടര്‍ ഇല്ലാത്തതാണ് കാരണം.മരം മുറിച്ച് മാറ്റിയില്ലെങ്കില്‍ പെരിങ്ങാവ്, കോലോത്തുംപാടം, പാട്ടുരായ്ക്കല്‍ ഭാഗങ്ങള്‍ രണ്ട് ദിവസം ഇരുട്ടിലാകും.