കൊച്ചി: ഉത്തര്‍പ്രദേശിലടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. അഭിപ്രായ സര്‍വേകള്‍ ശരിയെന്ന് തെളിയിക്കുന്ന വിധത്തില്‍ നാല് സംസ്ഥാനങ്ങളില്‍ കാവിതരംഗം അലയടിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമായി. സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. എസ്.പി നൂറു സീറ്റില്‍ ലീഡ് നിലനിര്‍ത്തി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹേലില്‍ മുന്നിലാണ്. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്. കര്‍ഷകരെ കാറിടിച്ചുകൊന്ന യു.പി ലഖിംപൂര്‍ ഖേരിയില്‍ ബി.ജെ.പി മുന്നിലാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മല്‍സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്.
ഡല്‍ഹിക്ക് പുറത്ത് പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ് നിലയില്‍ വന്‍ മുന്നേറ്റം. 117ല്‍ 75 സീറ്റിലും എ.എ.പി ലീഡ്; സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും നേതാക്കളും. ചൂലെടുത്ത് ചുഴറ്റി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛരണ്‍ജിത് സിങ് ഛന്നി മല്‍സരിച്ച രണ്ടിടത്തും പിന്നിലാണ്. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധു സിറ്റിങ് സീറ്റില്‍ മൂന്നാമതാണ്. ശിരോമണി അകാലിദള്‍ 8 സീറ്റില്‍. ബി.ജെ.പി 7 സീറ്റില്‍ നില്‍ക്കുന്നു. മാല്‍ഡയിലാണ് ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്.
ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ ലീഡ്, കേവല ഭൂരിപക്ഷമില്ല
പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ ലീഡ്. ലീഡ് ഉയര്‍ത്തി ബി.ജെ.പി തൊട്ടുപിന്നിലുണ്ട്. നിര്‍ണായകമായി തൃണമൂല്‍ സഖ്യം മുന്നേറുന്നു. അതിനിടെ, ഗോവയില്‍ ഫലം വരുന്നതിന് മുന്‍പെ തന്നെ മുന്നണികള്‍ നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്. 4 മണിക്ക് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളും സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഗോവയിലെത്തി.
ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ
കൊച്ചി: ഉത്തരാഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഇഞ്ചോടിഞ്ച് പോരാടി ബി.ജെ.പിയും കോണ്‍ഗ്രസും. 34 സീറ്റുകളില്‍ ബി.ജെ.പി. മുന്നേറുമ്പോള്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്.
ഖടിമ മണ്ഡലത്തില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ലീഡ് ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ സവീന്ദര്‍ജീത് സിങ് കലേറും കോണ്‍ഗ്രസിന്റെ ഭുവന്‍ കാപ്രിയെയുമാണ് ധാമി പിന്നിലാക്കിയത്. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്.
അതേസമയം മതിയായ ഭൂരിപക്ഷം നേടി സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് സിങ് റാവത്ത് എന്‍.ഡി.ടിവിയോടു പ്രതികരിച്ചു.
മണിപ്പൂരില്‍ ബിജെപിയ്ക്ക് ലീഡ്
മണിപ്പൂരില്‍ ബി.ജെ.പിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളില്‍ ബ.ിജെ.പി മുന്നിട്ടുനില്‍ക്കുമ്പോള്‍ 12 ഇടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളില്‍ ബി.ജെ.പി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ ആം ആദ്മിയും കോണ്‍ഗ്രസും ഓരോ സംസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.
മണിപ്പൂരിലെ 60 സീറ്റുകളിലും ബി.ജെ.പി മത്സരിച്ചത് ഒറ്റയ്ക്കാണ്. കോണ്‍ഗ്രസ് ആവട്ടെ, മണിപ്പൂര്‍ പ്രോഗ്രസിവ് സെക്കുലര്‍ അലയന്‍സ് എന്ന പേരില്‍ 6 രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരി 28, മാര്‍ച്ച് 3 തീയതികളിലായാണ് മണിപ്പൂരില്‍ വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ജയിച്ചുവരുന്നവരെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പദ്ധതികളൊരുക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി എ.ഐ.സി.സിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി. എന്നാല്‍ നേതാക്കള്‍ ആരൊക്കെയാണെന്നത് വ്യക്തമല്ല.
Pic Credit: NK Graphics