ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എന്തെല്ലാം നടപടികൾ ഉണ്ടാകും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്
കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അന്വേഷണം പ്രതിയായ പ്രമുഖ നടന്റെ രാഷ്ട്രീയ സ്വാധീനം മൂലം അട്ടിമറിക്കപ്പെടുന്നു എന്ന് ഹൈക്കോടതിയിൽ തിങ്കളാഴ്ച ഹർജി സമർപ്പിച്ച അതിജീവിതയായ നടി ഇന്ന് രാവിലെ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തൻറെ ആശങ്കകൾ അറിയിച്ചു. മുഖ്യമന്ത്രി തനിക്ക് നൽകി തന്നത് ‘ ഭയങ്കര വലിയ ഉറപ്പാണെന്ന് ‘ നടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻതന്നെ ഡിജിപിയെയും ക്രൈംബ്രാഞ്ച് മേധാവി യെയും മുഖ്യമന്ത്രി തൻറെ ഓഫീസിലേക്ക് വിളിപ്പിച്ച് നടി നൽകിയ മൂന്ന് പേജുകളുള്ള പരാതിയിലുള്ള വിവരങ്ങൾ തിരക്കി. ഇടതു സഹയാത്രിക കൂടിയായ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി യോടൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്.
ഹൈക്കോടതിയിൽ നടി പരാതി നൽകിയ ശേഷം അതിരൂക്ഷമായ വിമർശനമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നടിയെക്കുറിച്ച് നടത്തിയത്. കോൺഗ്രസിൻറെ പ്രേരണ മൂലമാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നടി കേസ് അന്വേഷണത്തിൽ വലിയ ആശങ്ക അറിയിച്ച് ഹൈക്കോടതിയെ സമീപിച്ചത് എന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു.
നടിയെ ആക്ഷേപിച്ച് എം എം മണിയും
ഈ കേസ് നാണംകെട്ട കേസാണെന്നും പറയാൻ കൊള്ളാത്ത പലതും ഇതിൽ ഉണ്ടെന്നും മുൻമന്ത്രിയും സിപിഎം നേതാവുമായ എം.എം മണി പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്നും മുൻപ് പുറത്താക്കി പിന്നീട് തിരിച്ചെടുത്ത പി.ശശി കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽസെക്രട്ടറിയായി നിയമിതനായി രണ്ടു ദിവസത്തിന് ശേഷം കേസിന് മേൽനോട്ടം വഹിച്ചിരുന്ന എ.ഡി.ജി.പി എസ് ശ്രീജിത്തിനെ മേൽ നോട്ടത്തിൽ നിന്നും ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് സംശയത്തിന് ഇട നൽകിയിരുന്നു.
കേസിലെ പ്രധാന രേഖയായ പീഡന വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ നിന്നു തന്നെ ചോർന്നത് സംബന്ധിച്ച് വിചാരണ കോടതി അന്വേഷണത്തിന് താല്പര്യം കാണിക്കാത്തതും പ്രതിഭാഗം അഭിഭാഷകർ വാദി ഭാഗം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നിരവധി തെളിവുകൾ പുറത്തുവന്നിട്ടും ഈ അഭിഭാഷകർക്കെതിരെ നടപടി എടുക്കാത്തതും നടി തൻറെ പരാതിയിൽ ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടരന്വേഷണം നിർത്തിവെച്ച് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം മുതിർന്നതും സംശയത്തിന് വകവെച്ചു. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എന്തെല്ലാം നടപടികൾ ഉണ്ടാകും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. തനിക്കെതിരേ പറയുന്നവരുടെ വായടപ്പിക്കാൻ തനിക്ക് സാധിക്കില്ലെന്നും രാഷ്ട്രീയമായ പ്രേരണമൂലം അല്ല ഹൈക്കോടതിയെ സമീപിച്ചത് എന്നും അതി ജീവത മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിമർശനമുന്നയിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതികരിക്കാൻ അതിജീവിത വിസമ്മതിച്ചു. അതിൽ തനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു അവരുടെ മറുപടി. സർക്കാരിനെ കുറിച്ച് തനിക്ക് വിമർശനം ഇല്ല എന്നും നടി പ്രതികരിച്ചു.