തൃപ്രയാര്‍: അന്തിക്കാട് ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ നൂറുമേനിയുടെ നിറവില്‍ തണ്ണിമത്തന് വിളവെടുപ്പ് നടത്തി. വി.കെ.മോഹനന് കാര്‍ഷിക സംസ്്കൃതിയുടെ നേതൃത്വത്തില്‍ മുന്‍ കൃഷിമന്ത്രിയും, തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.എസ്.സുനില്‍കുമാര്‍, ചലച്ചിത്ര സംവിധായകന് സത്യന് അന്തിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തരിശായി കിടന്നിരുന്ന
ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ തണ്ണിമത്തന് കൃഷി നടത്തിയത്. വിഷരഹിതമായ തണ്ണിമത്തന് വിലക്കുറവില്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വിളവെടുപ്പ് ചടങ്ങില്‍ മന്ത്രിമാരായ പി.രാജീവ്, കെ.രാജന്, വയനാട്ടിലെ കര്ഷകന് പത്മശ്രീ ചെറുവയല്‍ രാമന്, കെ.കെ.വത്സരാജ്, സി.സി.മുകുന്ദന് എം.എല്‍.എ, പി. ആര്.വര്‍ഗീസ് മാസ്റ്റര്‍, കെ.പി.രാജേന്ദ്രന് എന്നിവരും പങ്കെടുത്തു.
തരിശായി കിടന്നിരുന്ന പതിനാറ് ഏക്കര്‍ പാടത്താണ് തണ്ണിമത്തന് കൃഷി നടത്തുന്നത്. മികച്ച മാതൃകയാണിതെന്ന് മന്ത്രി രാജീവും, രാഷ്ട്രീയസത്യസന്ധതയുടെ ഭാഗമാണിതെന്ന് മന്ത്രി രാജനും പറഞ്ഞു.