കൊച്ചി: മസ്തിഷ്കാഘാതം ഉൾപ്പടെയുള്ള അത്യാഹിതങ്ങൾക്കിരയാകുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഏതു അടിയന്തര സാഹചര്യവും നേരിടാവുന്ന രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിർമ്മിച്ച മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ.സി.യു സമുച്ചയത്തിന്റെ ഉദ്‌ഘാടനം മന്ത്രി പി രാജീവും , ആശിർവാദ കർമ്മം മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിലും നിർവഹിച്ചു. മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ.ഡോ വർഗ്ഗീസ് പൊട്ടയ്ക്കൽ, റോജി .എം.ജോൺ എം.എൽ.എ , ജോയിന്റ് ഡയറക്ടർ ഫാ. തോമസ് വാളൂക്കാരൻ, വികാരി ജനറാൾ റവ.ഫാ. ജോസ് പുതിയേടത്ത് , സെന്റ് ജോർജ്ജ് ബസലിക്ക റെക്ടർ റവ.ഫാ.ജിമ്മി പൂച്ചക്കാട്ട്, മുനിസിപ്പൽ കൗൺസിലർ സാജു നെടുങ്ങാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ് , സീനിയർ ഫിസിഷ്യൻ ഡോ.ജോസഫ്. കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.
പതിനായിരത്തിലധികം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 35 കിടക്കകൾ ഉള്ള ഈ ഐ.സി.യു കോംപ്ലക്സിൽ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച ഇന്റസ് എന്ന് നാമകരണം ചെയ്ത (ഡീലക്സ് ) ഐ.സി.യു/ പ്രൈവറ്റ് മുറികളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പാമ്പു വിഷ ചികിത്സയിൽ തീവ്ര പരിചരണം നൽകാനുള്ള ഇന്ത്യയിലെ കിടയറ്റ സംവിധാനങ്ങളും ഈ ഐ.സി.യുവിനെ വ്യത്യസ്തമാക്കുന്നു.
അത്യാസന്ന നിലയിൽ കഴിയുന്നവർക്ക് ബന്ധുജനങ്ങളുടെ സാന്നിധ്യത്തിൽ സ്വാന്ത്വന ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്രിട്ടിക്കൽ കെയർ കോംപ്ലക്സിൽ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സമാനതകളില്ലാത്ത ചികിത്സാനുഭവത്തിന് അവസരംഒരുക്കുന്നു. ഇന്റസ്/ പ്രൈവറ്റ് റൂമുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
ചികിത്സ – പരിചരണം – ബോധവത്കരണം എന്നിവ ലോകോത്തര നിലവാരത്തിൽ ഒരേസമയം സമഗ്രതയോടെ നല്കാൻ ഇവിടം സജ്‌ജമാണെന്നു ഡയറക്ടർ ഫാ.ഡോ.വർഗ്ഗീസ് പൊട്ടയ്ക്കൽ അറിയിച്ചു.
എൻ.എ.ബി.എച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ലോകോത്തര നിലവാരത്തിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആണ് മെഡിക്കൽ ക്രിട്ടിക്കൽ കെയർ കോംപ്ലക്സ് സജ്ജമാക്കിയിരിക്കുന്നത്. അപകടനില തരണം ചെയ്ത് ഐ.സി.യുവിൽ നിന്ന് മാറ്റുന്നവർക്കായി സ്റ്റെപ് ഡൌൺ ഐ.സി.യുവും ഇതിനോട് ചേർന്നു ക്രമീകരിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അത്യാധുനിക ചികിത്സാ സൗകര്യം മിതമായ നിരക്കിൽ ഒരുക്കി ആരോഗ്യരംഗത്തെ ഗുണമേന്മ ഉറപ്പുവരുത്താൻ പുതിയ ക്രിട്ടിക്കൽ കെയർ കോംപ്ലക്സ് വഴി സാധിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.