തൃശൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ആരോപിച്ചു. .കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായപ്പോള്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ഇപ്പോള്‍ കാട്ടുന്ന ആവേശം കാണിച്ചിരുന്നില്ല. സി.പി.എമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. സുധാകരനെതിരെ നടക്കുന്നത് സി. പി.എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ്. സുധാകരനെ സി.പി.എമ്മിനും സര്‍ക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെ.പി.സി.സി അധ്യക്ഷപദവി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലടുത്ത കള്ളക്കേസില്‍ രാജിവെക്കണമെങ്കില്‍ ഒരു നേതാവിനും ഒരു സ്ഥാനത്തും തുടരാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ ഇരുത്തിയിരിക്കുന്നത് തെറ്റുകള്‍ക്കെതിരെ പോരാടാനാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും സി.പി.എമ്മിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ ശക്തമായ പോരാട്ടം സുധാകരന്‍ തുടരും. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന യോഗമാണ് പട്‌നയില്‍ കഴിഞ്ഞ ദിവസം നടന്നത്. ജനങ്ങളെ വിഭജിക്കുന്ന നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി യോജിച്ചു നീങ്ങാനുള്ള തീരുമാനമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ കക്ഷികളെടുത്തത്. അതിന് തൊട്ടുപിന്നാലെയാണ് മോദിയെ സുഖിപ്പിക്കാന്‍ കെ.പി.സി.സി അധ്യക്ഷനെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്തതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍വത്ര വ്യാജന്മാരെ സൃഷ്ടിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുകയും ചെയ്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മകളും പുറത്തുവരുമെന്നും വേണുഗോപാല്‍ പറഞ്ഞു .