പൂവേ പൊലി പാടി ‘പുലി’ കളും
തൃശൂര്‍: പുലികൊട്ടിന്റെ താളത്തിനൊപ്പം പൂവേ പൊലി പാടി അയ്യന്തോള്‍ ദേശം പുലിക്കളി സംഘം ഓണപ്പൂക്കളുടെ വിളവെടുത്തു. അയ്യന്തോള്‍ ദേശം പുലിക്കളി സമിതിയുടെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയാണ് നെടുപുഴയില്‍ ചെണ്ടുമല്ലിയും, ജമന്തിയും നട്ടുനനച്ച് വളര്‍ത്തിയത്.
പുലിവേഷം കെട്ടിയ ചെമ്പൂക്കാവ് സ്വദേശിയായ ബെന്നിയില്‍ നിന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പൂക്കള്‍ സ്വീകരിച്ച് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍മാരായ ശരത് മോഹന്‍, ബൈജു ബേബി എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജയപ്രകാശ്, അയ്യന്തോള്‍ ദേശം പുലിക്കളി പ്രസിഡന്റ് അഡ്വ.റോബ്സണ്‍ പോള്‍, സെക്രട്ടറി ഷാജി ഗോവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
അയ്യന്തോള്‍ ദേശം പുലിക്കളി സംഘടകസമിതിയുടെ കര്‍ഷക കൂട്ടായ്മ ജൈവപച്ചക്കറിയോടൊപ്പമാണ് പൂക്കളും വളര്‍ത്തി പരിപാലിച്ചത്. അയ്യന്തോള്‍ സ്വദേശിയായ സുരേഷിന്റെ മൂന്നര ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ പച്ചക്കറികള്‍ക്കിടയിലെ 20സെന്റിലാണ് പൂകൃഷി.. കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പുലികള്‍ നടത്തുന്ന നാട്ടുച്ചന്ത വഴിയാണ് ഇവ വിറ്റഴിക്കുക.