Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ചരക്ക് ലോറിയിലെ
കടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി

ചാലക്കുടി:   ക്വട്ടേഷന്‍സംഘങ്ങളും യുവാക്കളും സജീവമായി മയക്കുമരുന്ന് വിതരണ രംഗത്തേക്ക്്.  കൊടകരയില്‍ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ച് കോടി രൂപ വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍  അതിവിദഗ്ധമായി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.
കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട് വീട്ടില്‍ ലുലു (32്),  വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ കുരുവീട്ടില്‍ ഷാഹിന്‍ (33 ), മലപ്പുറം പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലീം (37 ) എന്നിവരാണ് കൊടകരയില്‍ പിടിയിലായത്.
പിടിയിലായവരില്‍ ഷാഹിന്‍ കൊള്ളസംഘത്തോടൊപ്പം ചേര്‍ന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒല്ലൂരില്‍ വച്ച് പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപയോളം കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ്.


രഹസ്യ വിവരത്തെ  തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് ഗ്രെ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെയും കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്റെയും നേതൃത്വത്തില്‍ പേരാമ്പ്ര കൊടകരയില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിലെ അനക്കാപ്പള്ളിയില്‍ നിന്ന് ചരക്കുലോറിയില്‍ പാക്കറ്റുകളാക്കി കടലാസ് പെട്ടികള്‍ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.
ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്ന വിലക്ക് കഞ്ചാവ് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്  ഇറങ്ങുന്നത്.

 ക്രൈം സ്‌ക്വാഡ് അംഗങ്ങളായ  ജിനുമോന്‍ തച്ചേത്ത്, ജോബ് സി.എ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണല്‍ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐ. പി.എസ്, തൃശൂര്‍ റേഞ്ച് ഡി ഐ.ജി. .എ. അക്ബര്‍ ഐ.പി.എസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷന്‍ ഡാഡ്്് എന്ന പേരില്‍ തൃശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്.

ആറു മാസത്തിനുള്ളില്‍ ചാലക്കുടി ഡിവൈ.എസ.്പി യുടെ നേതൃത്വത്തില്‍ എഴുനൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയിരുന്നു.”

Photo Credit: newsskerala.com

Leave a Comment

Your email address will not be published. Required fields are marked *