കൊച്ചി: സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കും കുടുംബത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെയുള്ള രഹസ്യമൊഴിയെ തുടർന്നുള്ള പ്രതിപക്ഷത്തിന്റെ കരിങ്കൊടി പ്രതിഷേധങ്ങൾ ഇന്നും തുടർന്നു. ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി തളിപ്പറമ്പ് കില പരിശീലന കേന്ദ്രത്തിന് ഉദ്ഘാടനത്തിനായി പുറപ്പെട്ട ഉടൻ തന്നെ കെഎസ്‌യു – യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി.
ഏകദേശം 700 ഓളം പോലീസുകാരെ കണ്ണൂർ-തളിപ്പറമ്പ് മേഖലയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഏകദേശം 30 പ്രതിഷേധക്കാരെ പലയിടങ്ങളിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തളിപ്പറമ്പ്, തളാപ്പ്, കരിമ്പം എന്നിവിടങ്ങളിൽ കരിങ്കൊടിയേന്തിയുള്ള പ്രതിഷേധ സമരങ്ങൾ നടന്നു.
തളിപ്പറമ്പിലേക്ക് പോകുംവഴി ഭരണശ്ശേരിയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ കറുത്ത ബാഗ് ഉയർത്തിക്കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് പോലീസ് കയറ്റുന്ന സമയം സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ പാർട്ടി പതാകയുമായെത്തി പോലീസ് നോക്കിനിൽക്കെ വളഞ്ഞിട്ട് തലയിൽ മർദ്ദിച്ചു.
പോലീസ് വാഹനത്തിലേക്ക് കയറ്റിയ ഫർഹാനെ വാഹനത്തിൻറെ മറ്റൊരു ഡോറിനടുത്തെത്തി പോലീസ് വാഹനത്തിൽ കയറ്റിയിരുത്തിയ ശേഷവും സിപിഎം പ്രവർത്തകൻ മർദ്ദിച്ചു. ഫർഹാനെ മർദ്ദിച്ച സിപിഎം പ്രവർത്തകരെ ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ജൂൺ എട്ടിനാണ് സ്വപ്ന സുരേഷ് എറണാകുളത്ത് മജിസ്ട്രേറ്റ് കോടതി മുൻപാകെ തൻറെ രഹസ്യ മൊഴി നൽകി അതിൽ പറഞ്ഞ പേരുകൾ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. അതിനുശേഷം പത്താം തീയതി കൂടുതൽ തെളിവുകളെന്ന് അവകാശപ്പെടുന്ന 4 ശബ്ദരേഖകളും സ്വപ്ന പുറത്തുവിട്ടിരുന്നു.