തൃശൂര്‍: വിവേചനമില്ലാതെ വേതന വര്‍ധന അനുവദിക്കുക, സ്ഥാപനം രോഗികള്‍ക്ക് ഉപകാരപ്രദമാകും. അഴിമതിരഹിതമായി പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. മാന്യമായ ഒത്തുതീര്‍പ്പിന് മാനേജ്‌മെന്റ് വഴങ്ങുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, രേണുക സുരേഷ്, മീരാ ഭായ്, വിനീഷ് എം.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബ്ലഡ് ബാങ്കിലെ അഴിമതിയും, സാമ്പത്തിക ക്രമക്കേടും അന്വേഷിക്കാന്‍ ഐ.എം.എ തയ്യാറാകണം. ഐ.എം.എയുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ ബ്ലഡ് ബാങ്കെന്നും, ജനപ്രതിനിധികളെ സര്‍ക്കാര്‍ ഫണ്ടിന് വേണ്ടി മാത്രമാണ് ബന്ധപ്പെടുന്നതെന്നും അവര്‍ ആരോപിച്ചു.
ഇവിടെ ഒരു തൊഴിലാളി സംഘടനമാത്രമാണ് ഉണ്ടായിരുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ മാനേജ്‌മെന്റ് നാല് തൊഴിലാളികളെ അടര്‍ത്തിയെടുത്ത് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. യൂണിയന്‍ മാറിയ നാല് പേര്‍ക്കും ശമ്പള വര്‍ദ്ധന നടപ്പിലാക്കി. ഇത് മറ്റ് ജീവനക്കാര്‍ അറിയാതിരിക്കാന്‍ ശമ്പള ബുക്കില്‍ ഒപ്പിടുന്നത് ഒഴിവാക്കി. മുന്‍പ് 57 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ നാല്‍പതായി ചുരുങ്ങി. നാല് ഡോക്ടര്‍മാരുണ്ട്.
രക്തം നല്‍കുമ്പോള്‍ ബില്‍ നല്‍കാതെ സംഭാവന കൂപ്പണ്‍ നല്‍കുന്നതായും, ഡിസ്്കൗണ്ടിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. പ്ലാസ്മ വില്‍ക്കുന്നതിനും വന്‍ വെട്ടിപ്പ് നടക്കുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ നശിപ്പിച്ചു. ബ്ലഡ് ബാങ്കുകളെ സഹായിക്കുന്ന കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന കെമിക്കലും, ബ്ലഡ് ബാഗുകളും മറ്റും വാങ്ങാതെ ഉയര്‍ന്ന വിലക്ക് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നുതായും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.