കണ്ണൂര്‍ പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിച്ചു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് അഗ്നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ഗ്ലാസ് ജനലുകള്‍ എറിഞ്ഞുടച്ചു. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.
ആദ്യം കാര്‍ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാര്‍ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതല്‍ കൂടെയുള്ള ആളായിരുന്നു ടി പുരുഷോത്തമന്‍. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് വി കുഞ്ഞികൃഷ്ണന്റെ കൂടെയുള്ളവര്‍ ആരോപിക്കുന്നത്.
ആക്രമണം നടത്തിയത് രാഷ്ട്രീയ മുഖംമൂടിയുള്ള സാമൂഹ്യ വിരുദ്ധന്മാരാണ്. ആളുകളെ കണ്ടാല്‍ അറിയാം. സിപിഎമ്മിന്റെ അംഗത്വം ഉള്ള ആളാണ് ഞാന്‍. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്തതിന്റെ വിരോധമായിരിക്കാം ആക്രമണത്തിന് പിന്നില്‍’ ടി പുരുഷോത്തമന്‍ പറഞ്ഞു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കുഞ്ഞികൃഷ്ണനൊപ്പമുണ്ടായിരുന്ന പ്രസന്നന്‍ എന്നയാളുടെ ബൈക്ക് കത്തിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാര്‍ കത്തിച്ചു; വീടിന് നേരെയും ആക്രമണം














