തൃശൂര്‍: മുറിവുകെട്ടിയ ചൂണ്ടുവിരലുമായി വോട്ടിംഗിനെത്തിയ കണ്ണംകുളങ്ങര സ്വദേശിനി അക്ഷയ എന്ന യുവതിയെ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നത് സംഘര്‍ഷത്തിനിടയാക്കി. അഞ്ച് മണിക്കൂര്‍ നേരം കാത്തിരുന്ന ശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സത്യവാങ്മൂലം നല്‍കിയാണ് അക്ഷയ വോട്ടു രേഖപ്പെടുത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം മറ്റൊരു വിരലില്‍ മഷി പുരട്ടി അക്ഷയയ്ക്ക്്് വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു
കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ സി ബ്ലോക്കിലെ ബൂത്ത് നമ്പര്‍ 205-ല്‍ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അക്ഷയ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാന്‍ എത്തിയത്. മിക്‌സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന കാരണത്താലാണ് പ്രസിസൈഡിംഗ് ഓഫീസര്‍ മഞ്ജു.ജി വോട്ട് നിഷേധിച്ചത്. യുവതിയോട് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന്, അവര്‍ വീട്ടില്‍ പോയി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥന്‍ നിലപാടില്‍ ഉറച്ചുനിന്നു.
ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍ ബൂത്തില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടര്‍ന്ന് ബൂത്തില്‍ പ്രതിഷേധം ഉടലെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ അത് അനുവദിച്ചില്ല. വോട്ട് നിഷേധിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ നിലനില്‍ക്കെ, ഇത്തരം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ട് നിഷേധിക്കുന്നത് ശരിയല്ലെന്ന് വോട്ടര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപിക്കുന്നു.
പ്രതിഷേധം മണിക്കൂറുകളായി തുടര്‍ന്നതോടെ ജില്ലാകളക്ടര്‍ അടക്കം യുവതിക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. മുറിവ് കെട്ടിവച്ചത് അഴിച്ച് വന്നാല്‍ വോട്ട് ചെയ്യിക്കാമെന്നാണ് പോളിങ് ഓഫീസര്‍ പറയുന്നത്. യുവതിയുടെ വിരലില്‍ 15 കുത്തിക്കെട്ടുകളാണ് ഉള്ളത്.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യുവതിയില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്. അതുവരെ യുവതിയെ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാനനുവദിച്ചില്ല.
സംഭവം വാര്‍ത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലില്‍ മഷി പുരട്ടാമെന്ന ചട്ടം നിലനില്‍ക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേതാക്കള്‍ ആരോപിച്ചു.















