Newsskerala

രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍

വാഷിംഗ്ടണ്‍: ഇറാനില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തലിന് ധാരണറായി. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്‍ നിര്‍ദ്ദേശത്തിന് അംഗീകാരവുമായി ട്രംപ്. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനില്‍ വെടിനിര്‍ത്തലിന് താന്‍ സമ്മതിച്ചതായി  ഡൊണാള്‍ഡ് ട്രംപ് വിശദമാക്കി. ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ഞാന്‍ സമ്മതിക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതൊരു ഇരുപക്ഷ വെടിനിര്‍ത്തലായിരിക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇറാനുമായി ഒരു ദീര്‍ഘകാല സമാധാന കരാര്‍ ചര്‍ച്ചകളില്‍ നല്ല പുരോഗതിയെന്നും ട്രംപ് പറഞ്ഞു.അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ധാരണയായതായി ട്രംപ്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങള്‍ക്ക് ശേഷമാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനം എന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹം തന്നെ നിശ്ചയിച്ചിരുന്ന സമയപരിധിയായ രാത്രി 8 മണിക്ക് വെറും ഒരു മണിക്കൂര്‍ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാന്‍ വഹിക്കുന്നത്. വെടിനിര്‍ത്തലിനായുള്ള ഈ നിബന്ധനകളോടുകൂടിയ കരാറിലേക്ക് നയിച്ച ചര്‍ച്ചകളില്‍ താന്‍ സംസാരിച്ച വ്യക്തികളില്‍ ഒരാളായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമര്‍ശിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎന്‍എന്നിനോട് സ്ഥിരീകരിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നത്. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *