പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കണ്ണാടിയില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്‌തെന്ന് ആരോപണം. ബിജെപിക്കെതിരെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഈ പ്രദേശത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തത്.
മരണവീട്ടില്‍ പോകാനാണ് ബിജെപി സ്ഥാനാര്‍ഥിയും സംഘവും കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് എത്തിയത്. മരണവീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെത്തി വയോധികയുടെ കയ്യില്‍ 5000 രൂപ നല്‍കിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പിന്നാലെ വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന ആരംഭിച്ചു.
വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നതും ക്ഷോഭിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭ പറയുന്നു. ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയനായി നില്‍ക്കുന്ന ആളായതുകൊണ്ട് പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പ്രതികരിച്ചു.
ഒരു മാസം മരുന്ന് വാങ്ങാന്‍ 5000 രൂപ വേണമെന്നും ആരു വോട്ട് ചോദിക്കാന്‍ വന്നാലും മരുന്ന് വാങ്ങാന്‍ പണം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട വിഡിയോയിലുള്ള വയോധിക പറഞ്ഞത്. വോട്ട് ചോദിക്കാന്‍ വന്ന എല്ലാവരോടും അങ്ങനെ തന്നെ പറഞ്ഞു. പൈസ വേണം എന്ന് പറഞ്ഞപ്പോഴാണ് പൈസ തന്നതെന്നും വയോധിക പറഞ്ഞു. എന്നാല്‍ പിന്നീട് ഇവര്‍ ഇക്കാര്യം തിരുത്തി. പൈസ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും കയ്യിലുണ്ടായിരുന്നത് ക്ഷേമപെന്‍ഷന്റെ പണമാണെന്നും പറഞ്ഞു. അതേസമയം, പാലക്കാട് പിരായിരിയില്‍ ബിജെപി സ്ത്രീകള്‍ക്ക് സാരി നല്‍കിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു.















