പാലക്കാട്: ബിജെപി പ്രവര്‍ത്തക വയോധികയ്ക്ക് പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെയും പാലക്കാട്ടെ വോട്ടര്‍മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
സംഭവത്തിനു പിന്നില്‍ കൃത്യമായ തിരക്കഥയുണ്ടെന്നും തന്നെ മനപ്പൂര്‍വ്വം വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണാടി തരുവക്കുറിശ്ശിയില്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണവിതരണം നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കണ്ണാടിയില്‍ താന്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും തന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നുവെന്നും അത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.
വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ ശോഭക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഈ സ്ത്രീ പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസില്‍ ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വിട്ടത്.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്ത കണ്ണാടിയിലെ പരിപാടിയിലും ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിലും ഇവര്‍ പങ്കെടുത്ത ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകയാണെന്ന് പണം നല്‍കിയ സ്ത്രീ എന്നും കോണ്‍ഗ്രസ് ആരോപിച്ചു.















