തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും, മാധ്യമവേട്ടക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി . സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ഓഫീസിൽ നിന്നും കൈതോല പായയുമായി ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിനു സമീപം പോലീസ് തടഞ്ഞു. ടി.എൻ.പ്രതാപൻ. എം.പി, ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ എന്നിവർ നേതൃത്വം നൽകി.