Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയില്‍  പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: ഗൃഹസന്ദര്‍ശന പരിപാടിയില്‍ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂര്‍വം കേള്‍ക്കണമെന്നും തര്‍ക്കിക്കരുതെന്നും കൃത്യമായ മറുപടി നല്‍കണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്ന നിര്‍ദേശവും പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം വീടിനകത്ത് കയറി വേണം സംസാരിക്കാന്‍. തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ജനങ്ങള്‍ പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂര്‍വം കേട്ട് മറുപടി നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇതിനൊപ്പം, ജനങ്ങള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്ത് മറുപടി നല്‍കണമെന്നത് സംബന്ധിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന് പങ്കില്ലേ എന്ന് ചോദിച്ചാല്‍, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നാണ് മറുപടി നല്‍കേണ്ടത്. ഈ കേസ് ഹൈക്കോടതിയില്‍വന്നപ്പോള്‍ തന്നെ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുതല്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നതുവരെ കോടതിയാണ്. സ്വര്‍ണം മോഷ്ടിച്ചയാള്‍ മുതല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാല്‍ പത്മകുമാറിനെതിരേ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണമെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം സ്‌ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തുന്നത്.

I

Leave a Comment

Your email address will not be published. Required fields are marked *