തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ നടത്തുന്ന സാമ്പിള്‍ വെടിക്കെട്ടില്‍ ഇത്തവണ പുതുമയേറിയ ഇനങ്ങള്‍ പരീക്ഷിക്കും. വിവിധ വര്‍ണങ്ങളില്‍ ആകാശപ്പുകയും, പറക്കുംതളികകളും തിരുവമ്പാടി വിഭാഗവും, പലനിറങ്ങളിലുള്ള എല്‍.ഡി.ഡി കുടകളും, ഡോള്‍ബിയും പാറമേക്കാവ് വിഭാഗവും ഇത്തവണ മാനത്ത് പരീക്ഷിക്കും. പുതുമയേറിയ പല ഇനങ്ങളും ഇരുവിഭാഗങ്ങളും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പൂരപ്പിറ്റേന്ന് വെളുപ്പിനാണ് പ്രധാന വെടിക്കെട്ട്. ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക പാറമേക്കാവ് വിഭാഗമാണ്. വൈകീട്ട് ഏഴേ കാലിന് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങും. ആദ്യം ഓലപ്പടക്കവും, ഗുണ്ടും കുഴിമിന്നലും പൊട്ടിക്കും. പിന്നീട് മാനത്ത് വര്‍ണവസന്തം തീര്‍ക്കുന്ന അമിട്ടുകള്‍ വിടരും. ഈടാണ് അവസാന ഇനം.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടില്‍ പോലും കാണികളെ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ജനങ്ങളെ അകറ്റി നിര്‍ത്തിയാല്‍ പിന്നെ ആര്‍ക്ക് കാണാനാണ് വെടിക്കെട്ടെന്നാണ് കമ്മിറ്റിക്കാരുടെയും കരിമരുന്ന് പണിക്കാരുടെയും ചോദ്യം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന വെടിക്കെട്ട് കാണാന്‍ വന്‍ജനാവലി എത്തും. അമിത നിയന്ത്രണങ്ങള്‍ വന്നാല്‍ പ്രധാന വെടിക്കെട്ടിന് കാണികള്‍ കുറയുമെന്ന ആശങ്കയിലാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍.