തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തില്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ ലാലി ജെയിംസ്.
ഡോ.നിജി ജസ്റ്റിനെ കഴിഞ്ഞ ദിവസം മേയറായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. ഇന്ന് നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് വിപ്പ് സ്വീകരിക്കാന്‍ ലാലി തയ്യാറായില്ല. പണം കൈപ്പറ്റിയാണ് മേയര്‍ പദവിയില്‍നിന്ന് തന്നെ തഴഞ്ഞതെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉയര്‍ത്തി.
‘എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് അറിയാമാല്ലോയെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. എന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവര്‍ത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നല്‍കി. മിനിഞ്ഞാന്ന് രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. ടി.എന്‍.പ്രതാപന്‍,വിന്‍സെന്റ്,ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയില്‍നിന്ന് മാറ്റാനുള്ള കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരു വര്‍ഷം മാത്രം മതി, ബാക്കി നാലുവര്‍ഷം ഒരാള്‍ക്ക് കൊടുത്തോളൂവെന്ന് പറഞ്ഞു. അത് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മുന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവര്‍ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കില്‍ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂവെന്നും എന്നെ ഒഴിവാക്കിക്കോ എന്നും ഞാന്‍ പറഞ്ഞു’ ലാലി പറഞ്ഞു.
‘എന്റെ കൈയില്‍ നല്‍കാന്‍ ചില്ലികാശില്ല. പാര്‍ട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാന്‍ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭര്‍ത്താവും പോകുന്നുവെന്ന് പുറത്തുള്ളവര്‍ പറഞ്ഞിരുന്നു. എനിക്കിപ്പോള്‍ സംശയമുണ്ട്’ ലാലി ജെയിംസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിജി ജസ്റ്റിനെ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലാലി ഉയര്‍ത്തിയ ആരോപണങ്ങളും വിമര്‍ശനങ്ങളും നിജി ജസ്റ്റിന്‍ തള്ളി. ലാലിക്കുള്ള മറുപടി നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.


















